ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
IFFK: Delegate registration from today
IFFK: Delegate registration from today
Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐഎഫ്എഫ്കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.

പൊതുവിഭാഗത്തിന് ജിഎസ്ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ഥികള്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 15 തിയെറ്ററുകളിലായാണ് പ്രദര്‍ശനം.

അന്താരാഷ്‌ട്ര മല്‍സര വിഭാഗം, സമകാലിക ചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ സിനിമകള്‍, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകള്‍ എന്നിവ ഉള്‍പ്പെടുന്ന ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്‍ട്രി ഫോക്കസ് വിഭാഗത്തിലുള്ള ക്യൂബന്‍ ചിത്രങ്ങള്‍, മണ്‍മറഞ്ഞ ചലച്ചിത്ര പ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ ഐഎഫ്എഫ്കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് നല്‍കി കെനിയന്‍ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കും.

logo
Metro Vaartha
www.metrovaartha.com