നേതാക്കളുടെ തമ്മിലടി; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണാൻ സമയം തേടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സണ്ണി ജോസഫ് വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്
Sunny Joseph

സണ്ണി ജോസഫ്

Updated on: 

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ സംഘടനാ തലത്തിലെ അതൃപ്തിയും നേതാക്കൾ തമ്മിലുള്ള വാക്‌പോരും ശക്തമാകുന്നതിനിടെ, പാർട്ടി ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം സമയം തേടിയത്.

ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ സണ്ണി ജോസഫ് വെള്ളിയാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ടെന്നും രാഹുലിനെയും ഖാർഗെയെയും വേണുഗോപാലിനെയും കാണാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ കോൺഗ്രസിൽ തുടരുന്ന വാക്‌പോരിനെക്കുറിച്ചും വിവിധ നേതാക്കളെ അനുകൂലിച്ച് പ്രത്യക്ഷപ്പെടുന്ന ഫ്ലക്സ് ബോർഡുകളെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ സണ്ണി ജോസഫ് തയ്യാറായില്ല. 'ഞാനിപ്പോൾ ഡൽഹിയിലാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

സംസ്ഥാനത്തെ പാർട്ടിയുടെ നിലവിലെ സാഹചര്യം കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുന്നതിനും സംഘടനാ പുനഃസംഘടന വേഗത്തിലാക്കുന്നതിനും കൂടിക്കാഴ്ചയിൽ സണ്ണി ജോസഫ് ശ്രമിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബിജെപിയിൽ നിന്ന് തിരിച്ചെത്തുന്ന നേതാക്കളെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിനുള്ള ഹൈക്കമാൻഡിന്‍റെ അനുമതിയും അദ്ദേഹം തേടിയേക്കും. പത്മജ വേണുഗോപാൽ ഉൾപ്പെടെയുള്ളവരുടെ തിരിച്ചുവരവാണ് പരിഗണനയിലുള്ളതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ബോർഡുകളിലും കോർപറേഷനുകളിലും നിയമനങ്ങൾ വൈകുന്നതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് സണ്ണി ജോസഫിന്‍റെ ഡൽഹി സന്ദർശനം. അതേസമയം, പാർട്ടി എംപി ഷാഫി പറമ്പിലിനെ അനുകൂലിച്ച് വിവിധ ജില്ലകളിൽ ഫ്ലക്സ് ബോർഡുകൾ തുടർച്ചയായി പ്രത്യക്ഷപ്പെടുന്നതും പാർട്ടിക്കുള്ളിലെ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.