

"കള്ളന്മാരും ഭീകരരും അറബിവേഷവിധാനത്തിൽ..."; യുകെജി വിദ്യാർഥികളുടെ ആക്ഷൻ സോങ് മത്സരത്തിൽ വിദ്വേഷ പരാമർശമുള്ള വരികൾ!
കൊച്ചി: യുകെജി വിദ്യാർഥികളുടെ ആക്ഷൻ സോങ് മത്സരത്തിൽ വിദ്വേഷ പരാമർശമുള്ള വരികൾ. കള്ളന്മാരും ഭീകരരും അറബിവേഷത്തിൽ എന്ന വരികളോടെയുള്ള ആക്ഷൻ സോങ്ങാണ് പെരുമ്പാവൂർ അല്ലപ്ര സെന്‍റ് മേരീസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചത്.
അറബിവേഷത്തിൽ ഭീകരർ റെയിൽ പാളത്തിന് ബോംബുവച്ചുവെന്നാണ് പാട്ടിൽ പറയുന്നത്. മത്സര സമയത്ത് തന്നെ വേദിയിൽ പ്രതിഷേധം ഉയർന്നിരുന്നു. ആലുവയിലെ ക്രൈസ്തവ മഹിളാലയം സ്കൂളിൽ നടന്ന സിബിഎസ്ഇ സ്കൂളുകളുടെ മത്സരത്തിലാണ് വിവാദമുയർന്നത്.
'കള്ളന്മാരും ഭീകരും, അറബിവേഷവിധാനത്തില്‍, കയറിപ്പറ്റും ബോഗികളില്‍, ഭയമാകുന്നേ അയ്യയ്യോ, ഭീകരരയ്യോ പാളത്തില്‍, ബോംബുകള്‍ വെച്ചിട്ടോടുന്നു' എന്നാണ് പാട്ടിന്‍റെ വരികൾ. കഴിഞ്ഞ വർഷം ഇതേ സോങ്ങിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നതായി പറയപ്പെടുന്നു.
പാട്ടിലെ വിദ്വേഷം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും അല്ലപ്ര സ്കൂൾ മാനേജൻ ടിജെ എൽദോസ് പറഞ്ഞു. 2010 മുതൽ സ്കൂൾ വേദികളിൽ ഈ പാട്ട് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പാട്ട് ആരാണ് എഴുതിയതെന്നോ എവിടെ നിന്നാണ് കിട്ടിയതെന്നോ അറിയില്ലെന്നും അന്വേഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.