കേന്ദ്രസർക്കാർ ന്യായം ബാലിശം: മന്ത്രി കെ.എൻ . ബാലഗോപാൽ

ഗ്രാന്‍റ് ഇൻ എയ്ഡിൽ വലിയ രീതിയിൽ വെട്ടിക്കുറവ് ഉണ്ടായെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ധനമന്ത്രി കെ.എൻ . ബാലഗോപാൽ
ധനമന്ത്രി കെ.എൻ . ബാലഗോപാൽ

തിരുവനന്തപുരം: കേരളത്തിന് നൽകിയ കേന്ദ്രസർക്കാർ വിഹിതത്തെപ്പറ്റി കേന്ദ്ര മന്ത്രി നിർമല സീതാരാമന്‍റെ രാജ്യസഭയിലെ മറുപടി വസ്തുതാപരമല്ലെന്നും ന്യായം ബാലിശമാണെന്നും സംസ്ഥാന ധനമന്ത്രി കെ. എൻ ബാലഗോപാൽ . 2005 മുതൽ 2013 വരെ കേരളത്തിന്‍റെ നികുതി വിഹിതം മൂന്നു മടങ്ങ് വർധിച്ചിരുന്നു. എന്നാൽ 2013-ന് ശേഷം 2.8 മടങ്ങ് മാത്രമാണ് വർധന. സെസ് ചാർജ് 2010ൽ ആകെ നികുതിയുടെ 10 ശതമാനമായിരുന്നു. 2015-ൽ അത് 18 ശതമാനവും 2021-ൽ 21 ശതമാനവുമായി. സെസ് ചാർജ് കുറഞ്ഞിരുന്നെങ്കിൽ നികുതി വരുമാനം ഉയരുമായിരുന്നു. ഗ്രാന്‍റ് ഇൻ എയ്ഡിൽ വലിയ രീതിയിൽ വെട്ടിക്കുറവ് ഉണ്ടായെന്ന് ബാലഗോപാൽ ചൂണ്ടിക്കാട്ടി.

യുപിഎ കാലത്ത് കേരളത്തിന് നൽകിയ നികുതി വിഹിതം 46,303 കോടി രൂപയാണെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ നൽകിയത് 1,50,140 കോടി രൂപയെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. പത്തുവര്‍ഷത്തെ നികുതി വിഹിതത്തിന്‍റെ കണക്കില്‍ ജിഎസ്ടി നഷ്ടപരിഹാരവും ഗ്രാന്‍റായി ചിത്രീകരിച്ചുവെന്ന് കേരളം കഴിഞ്ഞ ദിവസം ഇതിന് മറുപടിയായി സുപ്രീംകോടതിയിലും ചൂണ്ടിക്കാട്ടി.

പ്രളയത്തിന് അരി നല്‍കിയിട്ട് അതിന് പണം തിരികെ വാങ്ങിയവരാണ് ഇപ്പോള്‍ 29 രൂപയുടെ അരിയുമായി ഇറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആയതുകൊണ്ട് ഇതുപോലെയുള്ള നാടകങ്ങള്‍ ഇനിയും ഉണ്ടാവുമെന്ന് ബാലഗോപാൽ.

വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകുമെന്ന ബജറ്റ് പ്രസംഗത്തിൽ കൂടുതലൊന്നും പറയാനില്ല. സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തി എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്.നിയസഭയിൽ വച്ചതിന് മറുപടി അവിടെ പറയണമല്ലോ എന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പങ്കെടുത്ത ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രൻ അടക്കമുള്ള കേരളത്തിൽ നിന്നുളള യുഡിഎഫ് എംപിമാർ കേരളത്തിന്‍റെ കാര്യത്തിന് വേണ്ടി പാർലമന്‍റിൽ ഒന്നും ചെയ്തില്ല. പാർലമെന്‍റിൽ പ്രേമചന്ദ്രൻ ചോദിക്കുന്ന ചോദ്യങ്ങൾ പോലും കേന്ദ്ര നിലപാടുകളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുളളതാണ്. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതുമെന്നും ബാലഗോപാൽ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്‍റെ വാദം കേന്ദ്രസർക്കാരിൽനിന്ന് കര്‍ണാടകയ്ക്ക് ലഭിക്കാനുള്ളത് ന്യായവും കേരളത്തിന്‍റേത് ന്യായമല്ല എന്നതുമാണെന്ന് മന്ത്രി പരിഹസിച്ചു.

Trending

No stories found.

Latest News

No stories found.