

കെ. സച്ചിദാനന്ദന്‍
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും (റിവേഴ്സ് റെമിറ്റൻസ്) ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പരാമർശത്തിനെതിരേ കവി കെ. സച്ചിദാനന്ദൻ. പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്ന് സച്ചിദാനന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു.
അവർ ചെയ്യുന്ന സേവനത്തിന്‍റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നത്. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. തികച്ചും ലജ്ജാകരമായ പ്രസ്താവനയാണിതെന്നും ഇത് പിന്‍വലിക്കണമെന്നും സച്ചിദാനന്ദൻ കുറിച്ചു.
കുറിപ്പ് ഇങ്ങനെ...
പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ്. അവർ ചെയ്യുന്ന സേവനത്തിന്‍റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നത്- അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോൾ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്‍വലിക്കേണ്ടത്.
"കേരളത്തിൽ നിലവിൽ 40 മുതൽ 50 ലക്ഷം വരെ അതിഥി തൊഴിലാളികൾ ജോലിചെയ്തു വരുന്നുണ്ട്, അവർ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നത്. മദ്യപാനത്തിലൂടെ സർക്കാരിലേക്ക് എത്തുന്ന നികുതി മാത്രമാണ് ഇവരിൽ നിന്നുള്ള പ്രധാന വരുമാനം" എന്നുമാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ വംശീയമായ മുന്‍വിധിയോടെയുള്ളതും അപരവിദ്വേഷം നിറഞ്ഞതുമാണെന്ന വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയരുന്നത്.