

കെ. സച്ചിദാനന്ദൻ, പിണറായി വിജയൻ
തൃശൂർ: മുൻ മുഖ‍്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പ്രതികരണവുമായി കവി സച്ചിദാനന്ദൻ. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകരുതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തെറ്റുപറ്റിയെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി പ്രതിപക്ഷ നേതാവാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും കൂടുതൽ ഊർജസ്വലനായ, അല്ലെങ്കിൽ ഊർജസ്വലയായ ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലെയെന്ന ചോദ‍്യം എല്ലാവരെയും പോലെ തനിക്കുമുണ്ടെന്നും മുഖ‍്യമന്ത്രിയായിരുന്നയാൾ പ്രതിപക്ഷ നേതാവാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സച്ചിദാനന്ദൻ പറഞ്ഞു.
80ാം ജന്മദിനത്തിൽ മാധ‍്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്‍റെ കണ്ണൂരിലെ വീട്ടിൽ അടക്കം റെയ്ഡ് നടത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തെ ആക്രമണം കൊണ്ട് നേരിടരുതായിരുന്നുവെന്ന് പറഞ്ഞ സച്ചിദാനന്ദൻ എന്തുകൊണ്ട് അതിനെ സമാധാനപരമായി കൈകാര‍്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് ചോദിച്ചു.