

കെ. സുധാകരൻ
file image
ദുബായ്: എംപി കെ. സുധാകരന് ഓർമക്കുറവുണ്ടെന്ന് മകൻ സംജോഗ് സുധാകരൻ. ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന സുധാകരനെ മകൻ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. മുൻപും അദ്ദേഹത്തിന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്രത്തോളം രൂക്ഷണായിരുന്നില്ലെന്നും മറ്റു ബുദ്ധിമുട്ടുകളൊന്നും ഇപ്പോൾ ഇല്ലെന്നും സംജോഗ് പറയുന്നു.
അപസ്മാരത്തെത്തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. യാത്ര ചെയ്താൽ ഈ പ്രശ്നം വീണ്ടും ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ നിന്ന് സ്വന്തം നിലയിൽ ഡിസ്ചാർജ് വാങ്ങാനാണ് തീരുമാനമെന്നും ഡൽഹിയിലെത്തി തുടർചികിത്സ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച തന്നെ സുധാകരനെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അമെരിക്കയിലേക്ക് ചികിത്സയ്ക്കായി പോവുന്നതിന്‍റെ മുന്നോടിയായി കൺസൾട്ടേഷനായി നവംബർ 27 നാണ് സുധാകരൻ ദുബായ്ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം.