കള്ളാടി മണ്ണിടിച്ചിൽ; മുഖ്യമന്ത്രി ബുധനാഴ്ച ഉച്ചയ്ക്ക് വയനാട്ടിൽ എത്തും

മുഖ്യമന്ത്രി എത്തുക ഉച്ചയ്ക്ക് ഒന്നിന്
Chief Minister V.D. Satheesan

മുഖ്യമന്ത്രി വി.ഡി. സതീശൻ

Updated on

തിരുവനന്തപുരം: വയനാട് കള്ളാടിയിൽ തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ബുധനാഴ്ച എത്തും. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നിന് കള്ളാടിയിലെ ദുരന്തബാധിത പ്രദേശത്ത് എത്തും.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മണ്ണിടിച്ചിലുണ്ടായ ചൊവ്വാഴ്ച തന്നെ മന്ത്രിമാരുടെ സംഘം ദുരന്തബാധിത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ എത്തിയിരുന്നു. റവന്യൂമന്ത്രി, കൃഷിമന്ത്രി എന്നിവരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇതിനു പിന്നാലെയാണ് ദുരന്തത്തിന്‍റെ വ്യാപ്തി കണക്കിലെടുത്ത് മുഖ്യമന്ത്രി കൂടി സംഭവസ്ഥലത്തേക്ക് എത്തുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ തുടർനടപടികൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് തീരുമാനിക്കും. നിലവിൽ ദുരന്തമേഖലയിൽ മഴ തുടരുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് കാണാതായവർക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

മണ്ണിടിച്ചിലിൽ അഞ്ചു പേരാണ് മരിച്ചത്. ഏഴു പേരെ കാണാതായി. ഒൻപതു പേർക്കാണ് പരുക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു. ശേഷിക്കുന്നവർ ചികിത്സയിൽ തുടരുകയാണ്. മണ്ണ് നീക്കണമെന്ന നിർദ്ദേശം കരാറുകാർ അടിയന്തരമായി പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചത്. സ്ഥലത്തു നിന്ന് മണ്ണ് നീക്കം ചെയ്യണമെന്ന് കളക്റ്ററും ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റിയും ഉത്തരവ് ഇറക്കിയിട്ടും പാലിക്കപ്പെട്ടിട്ടില്ല.

logo
Metro Vaartha
www.metrovaartha.com