കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം; കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തിയതോടെ മരണസംഖ്യ എട്ടായി ഉയർന്നു
file photo

ഫയൽ ചിത്രം

Updated on

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്ക പാത പദ്ധതി പ്രദേശത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ കാണാതായ എല്ലാവരെയും കണ്ടെത്തിയതോടെ മരണസംഖ്യ എട്ടായി ഉയർന്നു.

തെരച്ചിലിന്‍റെ ആറാം ദിവസമാണ് മീനാക്ഷി പാലത്തിനു സമീപത്തു നിന്ന് വിക്രം റാണയുടെ മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം എംബാം ചെയ്ത് സ്വദേശത്തേക്ക് അയക്കും.

പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തിൽ നിന്നാണ് മൃതദേഹം കിട്ടിയത്. അഗ്നിരക്ഷാസേനയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയിരുന്നത്. മുൻപ് ലഭിച്ച മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തി സ്വദേശത്തേക്ക് അയക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

ജൂലൈ ഏഴിനാണ് മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായത്. തുരങ്ക പാതയുടെ നിർമാണ കരാർ ഏറ്റെടുത്തിരുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് അപകടത്തിൽ മരിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, പ്രതിപക്ഷനേതാവ് പിണറായി വിജയൻ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രക്ഷാപ്രവർത്തനം വിലയിരുത്തുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com