
ശരത് ഉമയനല്ലൂർ
തിരുവനന്തപുരം: "മറിയാത കാതുറ...' ശങ്കരാഭരണത്തിലെ ത്യാഗരാജ കീർത്തനം നാഗസ്വരത്തിലൂടെ ഒഴുകിപ്പരന്നപ്പോൾ നാരായണ സ്വാമിയുടെ കണ്ണുകൾ ഈറനണിഞ്ഞു. ഇല്ലായ്മകളോടും ജീവിതത്തിന്‍റെ വല്ലായ്മകളോടും പൊരുതി മകൻ ശ്രീമണികണ്ഠൻ വായിക്കുമ്പോൾ അച്ഛൻ ഓട്ടൊ ഡ്രൈവറായ നാരായണ സ്വാമി സ്റ്റേജിന്‍റെ മുന്നിൽത്തന്നെയുണ്ടായിരുന്നു.
ഉപജീവന മാർഗമാണ് ഓട്ടൊ ഓടിക്കലെങ്കിലും സ്വാമിയും തികഞ്ഞ കലാകാരൻ. നാഗസ്വരത്തിന് പിന്തുണയേകുന്ന തകിൽ വാദകൻ. അച്ഛന്‍റെ തകിൽ വാദനവും മകന്‍റെ നാഗസ്വരവും കൂടിയാകുമ്പോൾ ഇവർ ചമയ്ക്കുന്നത് ജീവിത താളമാണ്. എച്ച്എസ്എസ് വിഭാഗത്തിൽ ഇത്തവണയും എ ഗ്രേഡ് വാങ്ങിയാണ് ശ്രീമണികണ്ഠൻ അച്ഛന് ഗുരുദക്ഷിണ നൽകുന്നത്. കഴിഞ്ഞ തവണയും നാഗസ്വരത്തിൽ ശ്രീമണികണ്ഠന് എ ഗ്രേഡ് ലഭിച്ചിരുന്നു.
പാലക്കാട് പിഎംജി എച്ച്എസ്എസിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർഥിയായ ശ്രീമണികണ്ഠൻ അഞ്ചാം വയസു മുതലാണ് നാഗസ്വരം കൈയിലെടുത്തത്. ഓട്ടമില്ലാത്തപ്പോഴെല്ലാം നാരായണ സ്വാമി തകിൽ വാദകന്‍റെ വേഷമണിയും. പാലക്കാട് സുൽത്താൻപേട്ട് ചെട്ടിത്തെരുവിലെ കുഞ്ഞുവീട്ടിൽ നിന്ന് മിക്കപ്പോഴും നാഗസ്വര കച്ചേരി കേൾക്കാം. പുറത്ത് പരിപാടികൾക്ക് ആരെങ്കിലുമൊക്കെ വിളിക്കും. അതിനുള്ള പരിശീലനമാണത്. പാരമ്പര്യമായി കൈവന്ന താളമികവിന്‍റെ പ്രതിഭാവിലാസത്തിന്‍റെ തിളക്കവും കൂടിയാണത്.
നാരായണ സ്വാമിയുടെ അച്ഛൻ മാരിയപ്പൻ അറിയപ്പെടുന്ന നാഗസ്വര വിദ്വാനായിരുന്നു. മകനെ നാഗസ്വരം പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മകൻ നാരായണ സ്വാമിക്ക് പക്കമേളമൊരുക്കുന്ന തകിലിനോടായിരുന്നു പ്രിയം. 15ലേറെ വർഷത്തോളമായി തകിൽവാദനം ഒപ്പമുണ്ട്. ജീവിതത്തിന്‍റെ നട്ടുച്ച വെയിലിൽ നിന്ന് തണലിലേക്കുള്ള ഓട്ടത്തിനാണ് ഓട്ടൊ റിക്ഷയിലേക്കു ചുവടുമാറ്റിയത്. എങ്കിലും പാരമ്പര്യം കൈവിട്ടുപോകാതെ മുത്തച്ഛന്‍റെ സർഗാത്മകതയുടെ ഉറവകൾ തെളിഞ്ഞൊഴുകിയത് മകനിലൂടെയാണെന്നു നാരായണ സ്വാമി.
മുത്തച്ഛന്‍റെ കീർത്തനങ്ങൾ കേട്ട് കുഞ്ഞുനാളിലേ നാഗസ്വരത്തോടു കടുത്ത പ്രണയം തോന്നിയ ശ്രീമണികണ്ഠന് മുത്തച്ഛന്‍റെ ശ്വാസം നിറഞ്ഞുനിൽക്കുന്ന വാദ്യോപരണം തന്നെ അച്ഛൻ നൽകി. പിന്നീടിങ്ങോട്ട് നാഗസ്വര വാദനമെന്ന കലാരൂപം തപസ്യയാക്കി. കൂടുതൽ പഠനത്തിനായി കൊല്ലങ്കോട് സുബ്രഹ്മണ്യത്തിനു കീഴിൽ അഭ്യസിച്ചു. ഇന്ന് നാട്ടിലെ ക്ഷേത്രങ്ങളിലെ പൂജകൾക്കും മറ്റും നാഗസ്വരം വായിക്കാൻ ശ്രീമണികണ്ഠൻ പോകാറുണ്ട്. പലപ്പോഴും പ്രതിഫലം വാങ്ങാറില്ല. കൂടുതൽ പഠിച്ച് കച്ചേരിക്കും മറ്റും പോകണമെന്നാണ് ആഗ്രഹം.
മകൻ മികച്ച നാഗസ്വര വാദകനാകണമെന്നാണു അമ്മ സുമതിക്കും ആഗ്രഹം. ശ്രീമണികണ്ഠന്‍റെ 9ാം ക്ലാസുകാരിയായ സഹോദരി മഹേശ്വരിയും കലാകാരിയാണ്. പഠനത്തോടൊപ്പം കലാവാദനവും മുന്നോട്ടുകൊണ്ടുപോകണമെന്നും ഇനി അച്ഛനെ ഓട്ടൊ ഓടിക്കാൻ വിടാതെ കച്ചേരികൾക്ക് കരുത്തായും കരുതലായും ഒപ്പം കൂട്ടാനും ശ്രീമണികണ്ഠന് ആഗ്രഹമുണ്ട്.