കരുവന്നൂർ ബാങ്കിൽ വീണ്ടും എൽഡിഎഫ്; 13 സീറ്റിലും വിജയിച്ച് സിപിഎം

ഭരണസമിതിയിലെ രണ്ടു സീറ്റുകളിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
karuvannur cooperative bank LDF  victory again, cpm bags all 13 seats

കരുവന്നൂർ ബാങ്കിൽ വീണ്ടും എൽഡിഎഫ്; 13 സീറ്റിലും വിജയിച്ച് സിപിഎം

Updated on

തൃശൂർ: വായ്പാത്തട്ടിപ്പു കേസിലൂടെ ദേശീയ തലത്തിൽ കുപ്രസിദ്ധിയാർജിച്ച കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും എൽഡിഎഫ് ഭരണം. പത്തു വർഷത്തിനു ശേഷം ബാങ്ക് ഭരണസമിതിയിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ 13 സീറ്റുകളിലും സിപിഎം സ്ഥാനാർഥികൾ വിജയിച്ചു. ഭരണസമിതിയിലെ രണ്ടു സീറ്റുകളിലേക്ക് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കി 11 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു നടത്തിയത്. മാടായിക്കോണം ടി.കെ. ചാത്തൻമാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ ശനിയാഴ്ച വൈകിട്ട് മൂന്നു മണി വരെയാണ് വോട്ടെടുപ്പു നടത്തിയത്. ആകെ 3099 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

40 വയസ്സിന് താഴെയുള്ള വനിതാ സംവരണ ഡിവിഷനിലേക്ക് ജില്ലാ കോടതിയിലെ അഭിഭാഷകയായ അഡ്വ. സുജില നിധീഷും നിക്ഷേപക സംവരണ ഡിവിഷനിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് റിട്ട. ജില്ലാ ജോയിൻ്റ് ഡയറക്ടർ പി.കെ. വത്സലനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും നിലവിൽ കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്ക് നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ കൺവീനറുമായ ആർ.എൽ. ശ്രീലാൽ ആണ് ഇടതുപക്ഷ പാനലിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചത്. 2134 വോട്ടുകളാണ് ശ്രീലാൽ നേടിയത്. 40 വയസ്സിന് താഴെയുള്ള പൊതു വിഭാഗത്തിലാണ് ശ്രീലാൽ മത്സരിച്ചത്.

എസ്‌സി/എസ്ടി വിഭാഗത്തിൽ മത്സരിച്ച നിലവിലെ നഗരസഭ കൗൺസിലർ പി.സി. രഘു 2121 വോട്ടുകളും വനിതാ വിഭാഗത്തിൽ മത്സരിച്ച ശ്രീമ രാജീവ് 2106 വോട്ടുകളും സി.എം. സാനി 2096 വോട്ടുകളും നേടി.

ജനറൽ വിഭാഗത്തിൽ മത്സരിച്ച എം.ആർ. അജിത്ത് 2095 വോട്ടുകളും അശോകൻ കുനിയത്ത് 2070 വോട്ടുകളും ദാമോദരൻ നമ്പൂതിരി 2066 വോട്ടുകളും കെ.കെ. ബാലൻ 2028 വോട്ടുകളും എ.സി. സനീഷ് 2031 വോട്ടുകളും വി.എസ്. സജി 2002 വോട്ടുകളും നേടി. ആകെ ലഭിച്ച വോട്ടുകളിൽ 94 വോട്ടുകളോളം അസാധുവായിരുന്നു. വലതുപക്ഷ രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയം എന്ന് സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ പറഞ്ഞു.

ക്രമക്കേടുകളെ തള്ളിപ്പറഞ്ഞ് ക്രമക്കേടുകൾ നടത്തിയവരെ പുറത്താക്കി കർശനമായ നടപടി സ്വീകരിച്ച് ജനങ്ങളുടെ മുമ്പാകെ അഗ്നിശുദ്ധി തെളിയിച്ചാണ് ഇടതുപക്ഷം കരുവന്നൂരിൽ വീണ്ടും അധികാരത്തിൽ വന്നിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും കരുതി വെച്ച ആയുധം അവർക്ക് നഷ്ടപ്പെട്ടിരിക്കുയാണ്. കരുവന്നൂർ ബാങ്കിനെ പഴിചാരി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആക്രമിക്കാനുള്ള അവരുടെ അവസരം നഷ്ടമായിരിക്കുന്നു. ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പമാണെന്ന് തെളിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി പറയുന്ന നുണകൾക്കെതിരായി ഈ നാട് സന്ധിയില്ലാതെ ഇടതുപക്ഷത്തിനൊപ്പം നിലനിൽക്കുന്ന കാഴ്ചയുടെ മനോഹരമായ ഉദാഹരണമാണ് ഇന്നത്തെ ജനവിധിയെന്ന് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.എൽ. ജീവൻലാൽ പറഞ്ഞു.

അതേസമയം, പതിനയ്യായിരത്തോളം അംഗങ്ങളുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 6215 പേർ വോട്ടു ചെയ്തിരുന്നു. ഇത്തവണ 3039 പേർ മാത്രമാണ് വോട്ട് ചെയ്തതെന്നും, സഹകരണക്കൊള്ള കണ്ട് മനം മടുത്ത അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചതാണെന്നും, ഈ അവസ്ഥയിലും 731 പേർ ബിജെപിയുടെ കൂടെ നിന്നത് വലിയ വിജയമായി കണക്കാക്കുന്നു എന്നും ബിജെപി നിയോജക മണ്ഡലം സെക്രട്ടറി ടി.കെ. ഷാജു വ്യക്തമാക്കി.

വായ്പാത്തട്ടിപ്പ് കേസ് ഉയർന്നതിനു ശേഷം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ നിയന്ത്രണത്തിലാണ്. ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തതോടെ ഭരണസമിതിയെ പിരിച്ചു വിട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com