'കവര്' കാണാൻ പോകാം; കുമ്പളങ്ങിയിലും ചെല്ലാനത്തും കായൽ തിളങ്ങുന്നു...

kavaru, bioluminescence attracts tourists to kumbalangi, chellanam and idakkochi

കുമ്പളങ്ങിയിൽ കവര് ദൃശ്യമായപ്പോൾ

Updated on

കായലും പാടങ്ങളുമെല്ലാം നീലനിറത്തിൽ വെട്ടിത്തിളങ്ങുന്ന കവര് കയറുന്ന കാലമെത്തി. കുമ്പളങ്ങി ഡേയ്സ് എന്ന സിനിമയിലൂടെ പ്രശസ്തമായി മാറിയ കവര് കാണാൻ വീണ്ടും അവസരം. ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ് മുതലായ സ്ഥലങ്ങളിലെ കയൽ, തോട്, ചെമ്മീൻകെട്ട്, പാട ശേഖരങ്ങൾ, തീരക്കടൽ എന്നിവിടങ്ങളിലാണ് കവര് കാണാനാകുക. സാധാരണ വേനൽ കടുത്ത് ഉപ്പ് കൂടുന്ന ഫെബ്രുവരി മുതൽ ഏപ്രിൽ, മെയ് വരെ കായലുകളിലെ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളിൽ ഇത് നന്നായി കാണാൻ കഴിയും. ഈ വർഷം വേലിയേറ്റം കൂടുതൽ ആയതിനാൽ മാർച്ച് മാസത്തിലാണ് കവര് എത്തിയിരിക്കുന്നത്.

ചന്ദ്രന്‍റെ പ്രകാശം ആകാശത്ത് കാണാത്ത നല്ല ഇരുട്ടുള്ള രാത്രി സമയങ്ങളിൽ കായൽ ഓളങ്ങളിലും കടൽ തിര മാലകളിലും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീൻ ഓടുമ്പോൾ പോലും കവര് എന്ന നീല വെളിച്ചം കാണാനാകും.

വെളുത്ത വാവ് കഴിഞ്ഞ് 2 - 3 ദിവസങ്ങൾ മുതൽ കറുത്ത വാവ് കഴിഞ്ഞ് 2- 3 ദിവസം വരെ സന്ധ്യാ സമയത്തും കറുത്ത വാവു കഴിഞ്ഞ് നേരം പുലരും മുമ്പും മനോഹരമായി കവരിനെ നമുക്ക് ദൃശ്യമാകും.

നീല വെളിച്ചത്തിനു പിന്നിൽ

കരയിലെ മിന്നാമിനുങ്ങിനെന്ന പോലെ ഉപ്പു വെള്ളത്തിൽ ജീവിക്കുന്ന നോക്ടി ലൂക്ക എന്ന ബാക്റ്റീരിയയുടെ ബയോലൂമിനസെൻസ് പ്രവർത്തനമാണ് ഈ അദ്ഭുതക്കാഴ്ചയ്ക്ക് ആധാരം. ഇണയെ ആകർഷിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷ നേടുവാനും ഇര പിടിക്കുവാനുമാണ് ഇത്തരത്തിൽ പ്രകാശം പുറപ്പെടുവിക്കാറുള്ളത്.

ജലത്തിൽ ഇളക്കം തട്ടുമ്പോഴും അവയ്ക്ക് ആവശ്യം ഉള്ളപ്പോഴും അവിടെയുള്ള എല്ലാ നോക്ടി ലൂക്ക ബാക്റ്റീരിയകളും ഒന്നായി ചേർന്ന് പുറപ്പെടുവിക്കുന്ന പ്രകാശമാണ് നമുക്ക് നയന മനോഹരമായ നീല വെളിച്ചം ആയി ദൃശ്യ വിസ്മയം ആകുന്നത്.

ഉപ്പിന്‍റെ സാന്നിധ്യം കടൽ കായൽ ജലത്തിൽ കൂടുന്ന വേനൽ കാലത്ത് മാത്രമാണ് ഈ നീല പ്രകാശം നഗ്ന നേത്രങ്ങളാൽ സുവ്യക്തമായി കാണൻ കഴിയുക. ഉപ്പിന്‍റെ അംശം 30 - 35 P P T (പാർട്ട്സ് പെർ തൗസന്‍റ്, അതായത് ഒരുലിറ്റർ ജലം ചൂടാക്കി വറ്റിച്ചാൽ 30-35 ഗ്രാം ഉപ്പ് ലഭിക്കുക.) ആകുമ്പോഴാണ് കാഴ്ച വ്യക്തമാകുക..

ഉപ്പുള്ള കടൽ കായൽ ജലത്തിലെ സൂഷ്മജീവി വർഗങ്ങളായ ആൽഗ, ബാക്ടീരിയ, ഫംഗസ് മുതലായ ജീവി വർഗങ്ങളിലേ ചില വകഭേദങ്ങൾക്ക് സൂര്യ പ്രകാശം ആകീരണം ചെയ്യാനും വേണ്ടപ്പോൾ പുറത്തു വിടാനുമുള്ള കഴിവുണ്ട്. ശാസ്ത്രലോകം ഇതിനെ ബയോലൂമിനസെൻസ് എന്ന് പറയും.

ഇതെല്ലാം ബയോ കെമിസ്ട്രിയെ ആശ്രയിച്ചിരിക്കുന്നു. ബയോ ലൂമിന സെൻസ്, ഫ്ലൂറസെൻസ് എന്നിവ എല്ലാം പ്രകാശ രാസ പ്രവർത്തനങ്ങൾക്ക് ഉദാഹരണമാണ്. പ്രകാശമോ മറ്റേതെങ്കിലും വൈദ്യുത കാന്തിക വികിരണമോ ആഗിരണം ചെയ്ത്, അതിനെക്കാൾ തരംഗ ദൈർഘ്യമുള്ള പ്രകാശത്തെ ആവശ്യം ഉള്ളപ്പോൾ പുറപ്പെടുവിക്കാൻ ഉള്ള ചില പദാർഥങ്ങളുടെയോ ജീവികളുടെയോ കഴിവിനെയാണ് ഫ്ലൂറസെൻസ് എന്നു പറയുന്നത്.

ഇപ്രകാരം പ്രകാശം പുറത്തേയ്ക്ക് വിടുവാനുള്ള പ്രത്യക തരം ജീവി വർഗങ്ങളുടെ കഴിവിനെ ബയോ ലുമിന സെൻസ് അഥവ ജൈവ പ്രകാശോത്സർജനം എന്ന് പറയും.

മിന്നാ മിനുങ്ങുകൾ പ്രകാശിക്കുന്നത് ബയോ ലുമിനെ സെൻസ് എന്ന രാസ വസ്തു ഉള്ളതിനാലാണ്. ഇതിൽ ഉള്ള ലൂസിഫെറിൻ ഫ്ലൂറസന്‍റ് വൈദ്യുത കാന്തിക വികരണം ആഗിരണം ചെയ്ത് പ്രകാശം പുറപ്പെടുവിക്കും. മനുഷ്യർക്ക് അദൃശ്യമായ അൾട്രാ വയലറ്റ് രശ്മിയെ ആഗിരണം ചെയ്ത് ലൂസി ഫെറിൻ ഉയർന്ന ഊർജത്തിലേയ്ക്ക് മാറ്റുന്നു. 510 മുതൽ 670 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ള പച്ച, മഞ്ഞ, നീല, ഇളം ചുവപ്പ് നിറങ്ങളിൽ ഇവ കാണാം.

ആവശ്യാനുസരണം പ്രകാശം പുറത്ത് വിടുവാനും നിർത്താനുമുള്ള ഡിമ്മർ സ്വിച്ച് ഇവയ്ക്കുണ്ട്. ഒക്സിജൻ നിയ ന്ത്രിച്ച് കടത്തി വിട്ടു കൊണ്ട് അൾട്രാ വയലറ്റ് രശ്മികളിൽ ഓക്സിഡേഷൻ നടത്തി പ്രകാശം പുറത്ത് വിടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com