ഖാർഗെ‍യ്ക്കു ശേഷം കെ.സി. വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകുമ്പോൾ, കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കാൻ പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്ത് ഹൈക്കമാൻഡ്
KC Venugopal likely Congress President

മല്ലികാർജുൻ ഖർഗെയ്ക്കു ശേഷം കെ.സി. വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും.

File photo

Updated on

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം കോൺഗ്രസ് നേതൃത്വം അവസാനിപ്പിക്കുന്നത് കെ.സി. വേണുഗോപാലിനെ അനുനയിപ്പിച്ചുകൊണ്ട്. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോൾ, ഒരു വർഷത്തിനു ശേഷം കെസിയെ കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷനാക്കാം എന്നാണ് വാഗ്ദാനം എന്ന് സൂചന.

മുഖ്യമന്ത്രി സ്താനത്തേക്ക് തുടക്കം മുതൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നു. കോൺഗ്രസിന്‍റെ 63 എംഎൽഎമാരിൽ ഏകദേശം 43 പേർ അദ്ദേഹത്തെ പിന്തുണച്ചതായാണ് വിവരം. എന്നാൽ, സാധാരണ പ്രവർത്തകരുടെയും മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും പിന്തുണ വി.ഡി. സതീശന് അനുകൂലമായത് തീരുമാനത്തിൽ നിർണായകമായി.

മുഖ്യമന്ത്രി പദത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന കെ.സി. വേണുഗോപാലിനെ പാർട്ടി ദേശീയ നേതൃത്വത്തിൽ നെഹ്റു-ഗാന്ധി കുടുംബം കഴിഞ്ഞുള്ള ഏറ്റവും ഉയർന്ന പദവി വാഗ്ദാനം ചെയ്താണ് ഹൈക്കമാൻഡ് അനുനയിപ്പിച്ചിരിക്കുന്നതെന്ന് സൂചനകളുണ്ട്. ഇപ്പോഴത്തെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് 83 വയസുണ്ട്. അതിന്‍റേതായ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ കെ.സി. വേണുഗോപാൽ ആ പദവിയിലേക്ക് എത്തിയേക്കും.

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷമുള്ള വേണുഗോപാലിന്‍റെ പ്രതികരണവും കരുതലോടെയായിരുന്നു. മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ വഴുതക്കാട്ടെ വീടിന്‍റെ പിൻവാതിലിലൂടെ ഹരിപ്പാട്ടേക്കും അവിടെനിന്ന് ഗുരുവായൂരിലേക്കും പോയ രമേശ് ചെന്നിത്തലയിൽ നിന്ന് വിഭിന്നനായി, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിച്ച ശേഷമാണ് വേണുഗോപാൽ മടങ്ങിയത്.

ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം, താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇല്ലായിരുന്നു എന്നു പറയാൻ തയാറായതുമില്ല. നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചിട്ടായിരിക്കും തീരുമാനം എടുത്തിട്ടുണ്ടാവുക. അതിനു പല മാനദണ്ഡങ്ങളുമുണ്ടാകും. തീരുമാനം ശിരസാ വഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com