

കെ.സി. വേണുഗോപാല്‍
file image
ന്യൂഡൽഹി: 2029ലെ തെരഞ്ഞെടുപ്പില്‍ വരാനിരിക്കുന്ന പരാജയം തടയാന്‍ സ്വന്തം ഇഷ്ടപ്രകാരം മണ്ഡലങ്ങള്‍ വെട്ടിമുറിക്കാന്‍ വേണ്ടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ മണ്ഡലപുനര്‍നിർണയ ബില്‍ പാസാക്കാന്‍ ശ്രമിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ഈ ബില്‍ പാസാക്കിയാല്‍ പിന്നീട് മണ്ഡലപുനര്‍നിര്‍ണയം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് കേവലഭൂരിപക്ഷം മാത്രം മതി. പാര്‍ലിമെന്‍റിനെയോ പ്രതിപക്ഷത്തെയോ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാരിന് ഇഷ്ടം പോലെ മണ്ഡലപുനര്‍നിർണയം നടത്താന്‍ സ്വാതന്ത്ര്യം നല്‍കുന്ന ബില്ലാണിത്. ബിജെപിക്ക് ജയിക്കാന്‍ വേണ്ടി ഏകപക്ഷീയമായി മണ്ഡലങ്ങള്‍ വെട്ടിമുറിച്ചത് അസമിലും ജമ്മു കശ്മീരിലും കണ്ടതാണ്. ആ രീതി രാജ്യവ്യാപകമായി നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വനിതാ സംവരണ ബില്‍ പാര്‍ലിമെന്‍റ് 2023ല്‍ പാസാക്കിയതാണ്. നിലവിലുള്ള 543 സീറ്റുകളുടെ മൂന്നിലൊന്നില്‍ വനിതാ സംവരണം ഉടന്‍ നടപ്പാക്കണമെന്നാണ് അന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 543 ന്‍റെ മൂന്നിലൊന്നില്‍ വനിതാ സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ഇപ്പോഴും ഞങ്ങള്‍ പിന്തുണയ്ക്കാന്‍ തയാറാണ്. കഴിഞ്ഞ മൂന്നു വര്‍ഷക്കാലം സംവരണ ബില്‍ പിടിച്ചുവയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. വനിതാ സംവരണ ബില്ലിന്‍റെ മറപിടിച്ച് ജനാധിപത്യത്തെ പൂർണമായി കശാപ്പ് ചെയ്ത് ഇന്ത്യയുടെ ഭരണം എല്ലാക്കാലത്തും തങ്ങളുടെ കൈയില്‍ നിലനിര്‍ത്താമെന്നാണ് ഈ ബില്ലിലൂടെ ബിജെപി വ്യാമോഹിക്കുന്നത്.
2023ല്‍ ബില്‍ പാസാക്കുന്ന സയമത്തു തന്നെ കോണ്‍ഗ്രസിന്‍റെ നിലപാട് പാര്‍ലിമെന്‍റില്‍ വ്യക്തമായി പറഞ്ഞതാണ്. അന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാലികാർജുൻ ഖാര്‍ഗെയും പാര്‍ലിമെന്‍റില്‍ നടത്തിയ പ്രസംഗങ്ങള്‍ എടുത്തുനോക്കിയാലറിയാം. 2024ല്‍ത്തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നാണ് അന്ന് ഞങ്ങള്‍ പറഞ്ഞത്. ആരാണ് അത് നടപ്പാക്കാതിരുന്നത്? ആദ്യം സെന്‍സസ്, ശേഷം മണ്ഡലപുനര്‍നിർണയം, വനിതാസംവരണം എന്ന് അന്നു പറഞ്ഞ ബിജെപി ഇപ്പോള്‍ മലക്കംമറിഞ്ഞത് എന്തു കൊണ്ടാണ്?
രണ്ടു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ തിരക്കിട്ട് ഈ അജൻഡയുമായി വരുന്നത് എന്തു കൊണ്ടാണ്? ഇഡിയെയും സിബിഐയെയും മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷനെയും ഉപയോഗിച്ച് ബിജെപി സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇവര്‍ നടത്തുന്ന മണ്ഡലപുനര്‍നിർണയത്തില്‍ കേരളത്തിന്‍റെ താത്ര്യങ്ങള്‍ ആരാണ് സംരക്ഷിക്കുക? ഞങ്ങളാരും പ്രാദേശികവാദം പറയാറില്ല. പക്ഷേ, മാന്യമായി നീതി ലഭിക്കേണ്ട സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? രാജ്യത്തിന്‍റൈ തെക്കേ അറ്റത്തു കിടക്കുന്ന കേരളത്തെ കേന്ദ്രം നിരന്തരമായി അവഗണിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.