‌സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ് മധുപാല്‍; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുറിപ്പ്

സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്നാണ് രാജി.
kerala cultural welfare board chief madhupal quits

മധുപാല്‍

Updated on

തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവെച്ച് മധുപാൽ. സംസ്ഥാനത്തെ ഭരണമാറ്റത്തെ തുടർന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.

ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള ഉത്തരവുണ്ടായി. 2026 ഏപ്രിൽ മാസത്തിൽ 4600 പേർക്ക് 5000 രൂപ വീതം പെൻഷനും 375 പേർക്ക് 1600 രൂപ വീതം കുടുംബപെൻഷനും 4 പേർക്ക് അവശതാ പെൻഷനും വിതരണം ചെയ്തിട്ടുണ്ട്.

മറ്റ് ധനസഹായങ്ങളും ​ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. വിവാഹ ധനസഹായം 25,000 രൂപയിൽ നിന്ന് 50,000 ആക്കി. ഒരു മെമ്പറുടെ ജീവിതത്തിൽ ഒന്നര ലക്ഷമായിരുന്ന ചികിത്സ ധനസഹായം ഓരോ മൂന്ന് വർഷം കൂടുമ്പോഴും രണ്ട് ലക്ഷം ലഭിക്കുന്ന രീതിയിലും പതിനായിരം രൂപയായിരുന്ന മരണാനന്തര ധനസഹായം 25,000 ആക്കാനും ബോർഡിന് കഴിഞ്ഞിട്ടുണ്ടെന്നും മധുപാൽ പറയുന്നു.

ബോർഡിന്‍റെ തനത് ഫണ്ടിൽ നിന്നുമാണ് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. സിനിമ ടിക്കറ്റന്മേൽ ലഭിക്കുന്ന 3 രൂപ സെസ്സും അം​ഗങ്ങളിൽ നിന്ന് പിരിക്കുന്ന അംശദായവുമാണ് ബോർഡിന്‍റെ പ്രധാന വരുമാന സ്രോതസ്. 2022ൽ കരുതൽ ധനമായി ഉണ്ടായിരുന്ന 23,45,035 രൂപ ഈ വർഷം 75,72,572 രൂപയായി ഉയർത്താനായിട്ടുണ്ട്.

വരും വർഷങ്ങളിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് സ്വീകരിക്കുവാനുള്ള സർകാർ ഉത്തരവ് നേടിയെടുത്തു. അം​ഗങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. കഴിഞ്ഞ 5 വർഷത്തിനിടെ പുതുതായി ചേർന്നത് 2245 പേരാണ്. ഇതോടെ മൊത്തം അം​ഗസംഖ്യ 20,592 ആയി ഉയർന്നു. അം​ഗങ്ങളുടെ വരിസംഖ്യ കുടിശ്ശിക കൃത്യമായി പിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതും ഇക്കാലയളവിലാണ്.

എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം ബോർഡ് നടപടികളുടെ ഡിജിറ്റലൈസേഷനാണ്. വിവിധ പെൻഷനുകൾ, അപേക്ഷകൾ, ധനസഹായങ്ങൾ എന്നിവയെല്ലാം ഇനി ഓൺലൈനായി തന്നെ അപേക്ഷിക്കാം. ഇതോടെ ബോർഡിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമായി മാറ്റാനായി.

കലാകാരന്മാരെ ചേർത്തു നിർത്തുന്നതിന് എക്കാലവും മുൻതൂക്കം നൽകുന്ന നിലപാടാണ് ബോർഡ് സ്വീകരിച്ചിട്ടുള്ളത്. അതിന്‍റെ ഭാ​ഗമായി മറ്റ് പെൻഷനുകൾ ലഭിക്കാത്ത കലാകാരന്മാർക്ക് 60 വയസിന് ശേഷവും ക്ഷേമനിധിയിൽ അം​ഗത്വം ലഭിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് നേടുകയും നില‍നിൽക്കുന്ന അംഗത്വത്തിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തതും ഈ കാലയളവിലെ പ്രധാന മാറ്റമായി എടുത്തുകാണിക്കാം. 2021-22 മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിൽ പെൻഷൻ ഇനത്തിൽ തൊണ്ണൂറ് കോടിയിലധികവും മറ്റ് ധനസഹായങ്ങൾക്കായി അഞ്ച് കോടിയിലധികവും തുക ചിലവാക്കിയിട്ടുണ്ട്.

ക്ഷേമനിധി ബോര്‍ഡില്‍ സെസ്സ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ 35 ഓളം കേസ്സുകള്‍ ബഹു.കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാരിനും ക്ഷേമനിധി ബോര്‍ഡിനും ആനുകൂലമായി 28 കേസ്സുകളില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തില്‍ വിധി തിയേറ്ററുകളില്‍ നിന്നും കുടിശ്ശിക സെസ്സ് പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ബാക്കി കേസുകളില്‍ ക്ഷേമനിധി ബോര്‍ഡിന് അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് വരും മാസങ്ങളില്‍ ക്ഷേമനിധി ബോര്‍ഡിന് സെസ്സ് പിരിക്കുന്നതിന് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനെല്ലാം പുറമെ തിയേറ്ററുകളുമായുള്ള ബന്ധം കൂടുതൽ സൗഹൃദപരവും കാര്യക്ഷമവുമായത് ഇക്കാലയളവിലാണ്. സെസ് തുകയുമായി നിലനിലനിന്നിരുന്ന തർക്ക വിഷയങ്ങൾ കോടതിയിൽ ജയിക്കാനായി എന്നത് വരും വർഷങ്ങളിൽ ബോർഡിന്‍റെ സാമ്പത്തിക സ്ഥിതി സുരക്ഷിതമാക്കാനും പ്രവർത്തനം സുഖകരമാക്കാനും ഉപകരിക്കും.

logo
Metro Vaartha
www.metrovaartha.com