

കേരള രാജ്യാന്തര ഡോക്യുമെന്‍ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
ന്യൂഡൽഹി: 18ാമത് കേരള രാജ്യാന്തര ഡോക്യുമെന്‍ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (ഐഡിഎസ്എഫ്എഫ്കെ) പ്രദർശിപ്പിക്കാനിരിക്കുന്ന ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. നിരവധി ചിത്രങ്ങൾ വിവിധ അധികൃതരുടെ പരിഗണനയിലാണെന്നും പരിശോധന പൂർത്തിയാകാനുണ്ടെന്നും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ഐഡിഎസ്എഫ്എഫ്കെയിൽ 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്ന് കോൺഗ്രസ് എംപി ശശി തരൂർ ഇതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് വിശേഷിപ്പിക്കുകയും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.
"18ാമത് കേരള രാജ്യാന്തര ഡോക്യുമെന്‍ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒരു ചിത്രത്തിനും പ്രദർശനാനുമതി നിഷേധിച്ചിട്ടില്ല. ആറ് ചിത്രങ്ങളോട് കൂടുതൽ വിശദമായ സംഗ്രഹം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രങ്ങളുടെ വിഷയത്തിന്‍റെ അടിസ്ഥാനത്തിൽ ചിലത് വിവിധ മേഖലകളിലെ ബന്ധപ്പെട്ട അധികൃതരുടെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്" - മന്ത്രാലയം എക്‌സിൽ കുറിച്ചു.
ഫെസ്റ്റിവൽ സംഘടിപ്പിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സർട്ടിഫിക്കേഷൻ നിബന്ധനകളിൽ നിന്ന് ഇളവ് ആവശ്യപ്പെട്ട് 347 ചിത്രങ്ങളാണ് കേന്ദ്രത്തിന് സമർപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 291 ചിത്രങ്ങൾക്ക് ഇളവ് അനുവദിച്ചു. 24 ചിത്രങ്ങൾക്ക് നേരത്തേ തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചതിനാൽ പ്രത്യേക ഇളവ് ആവശ്യമില്ലെന്നും കേന്ദ്ര വൃത്തങ്ങൾ പറഞ്ഞു.
20 ചിത്രങ്ങൾ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായി വിദേശകാര്യ മന്ത്രാലയത്തിനും ഒരു ചിത്രം പ്രതിരോധ മന്ത്രാലയത്തിനും നാല് ചിത്രങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഒരു ചിത്രം കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിനും (സിബിഎഫ്സി) അയച്ചിട്ടുണ്ട്.
ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ലെന്ന് കേരള സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞതോടെയാണ് വിവാദം ഉടലെടുത്തത്. 18ാമത് ഐഡിഎസ്എഫ്എഫ്കെ സെപ്റ്റംബർ 25 മുതൽ 30 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്. കഴിഞ്ഞ വർഷം കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിൽ സമാനമായ തർക്കമുണ്ടായതിന് പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം.