
തിരുവനന്തപുരം: കൂലി, വേതനം, സ്റ്റൈപന്‍റുകള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ഒരാനുകൂല്യവും സംസ്ഥാനത്തിന്‍റെ സാമ്പത്തിക നിയന്ത്രണത്തിന്‍റെ ഭാഗമായി വെട്ടിക്കുറയ്ക്കുകയില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ് പൊതുചര്‍ച്ചയ്ക്കു നിയമസഭയിൽ മറുപടിപറയുകയായിരുന്നു അദ്ദേഹം.
2,00,354 കോടി രൂപ വലുപ്പം വരുന്നതാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ്. പദ്ധതി വെട്ടിക്കുറച്ചു എന്നതും പദ്ധതി ചെലവ് ഇല്ലെന്നുള്ളതും തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ്. ഫെബ്രുവരി ആദ്യമായപ്പോഴേക്കും മൊത്തം പദ്ധതി ചെലവ് 63%കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 68 ശതമാനവും കടന്നിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചയിച്ച രൂപത്തില്‍ തന്നെ പൂര്‍ത്തീകരിക്കാം. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടും കാല്‍നൂറ്റാണ്ടെങ്കിലും മുന്നില്‍ കണ്ടുമാണ് അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പദ്ധതി പ്രവര്‍ത്തനത്തെ സമീപിച്ചിട്ടുള്ളത്.
സര്‍ക്കാരിന്‍റെയും സര്‍ക്കാര്‍-തദ്ദേശ സ്ഥാപനങ്ങളുടെയും മിച്ചഭൂമികള്‍ ഐടി, നൂതനബിസിനസ് സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍, കൊല്ലം, കൊട്ടാരക്കര ഐടി പാര്‍ക്കുകള്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. ഇവ പ്രായോഗികമാകുന്ന നിലയ്ക്ക് ഇത്തരത്തില്‍ സ്ഥലങ്ങള്‍ ലഭ്യമാകുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിര്‍മ്മാണവും പ്രവര്‍ത്തനം ആരംഭിക്കലും സമയബന്ധിതമായി തന്നെ നടപ്പാക്കും. വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ഘടകങ്ങളും 2028-ല്‍ പൂര്‍ത്തീകരിക്കത്തക്ക രൂപത്തിലാണ് മുന്നേറുന്നത്.
ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളില്‍ വർധന വേണമെന്ന ആവശ്യമുണ്ട്. ക്ഷേമപെന്‍ഷനില്‍ കുടിശികയുള്ളത് ആദ്യം നല്‍കുകയും വർധന അതിനുശേഷം പരിഗണിക്കുക എന്നതുമാണ് സര്‍ക്കാര്‍ നിലപാട്. റബ്ബര്‍, നെല്ല്. ഉള്‍പ്പെടെയുള്ളവയുടെ തറവില വർധന അടക്കമുള്ളകാര്യങ്ങളും ഭാവിയില്‍ പരിഗണിക്കുമെന്നും ധനമന്ത്രി.
ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉള്‍ക്കൊള്ളിച്ച് ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ് പദ്ധതിക്ക് 2 കോടി രൂപ.
എ.സി. ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആൻഡ് അഡോളസെന്‍റ് കെയര്‍ സെന്‍ററിന്‍റെ വികസനത്തിന് 2 കോടി
പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കര്‍ഷകരുടെ ദുരിതാശ്വാസത്തിനായി കുടിശിക കൊടുത്തുതീര്‍ക്കും
നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് പ്രകൃതിക്ഷോഭ പരിഹാര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതി
കൂത്തുപറമ്പിലെ നരിക്കോട് മല വാഴമല വിമാനപ്പാറ, പഴശി ട്രക്ക് പാത്ത് എന്നിവ കേന്ദ്രീകരിച്ച് ടൂറിസം ശൃംഖല
സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മാനെജ്മെന്‍റ് പദ്ധതിക്കായി അധികമായി ഒരു കോടി രൂപ
കോഴിക്കോട് വിമാനത്താവളത്തിലേക്ക് കുളത്തൂര്‍ ജംക്‌ഷനില്‍ നിന്നും റോഡ് നവീകരിക്കും
പട്ടയ മിഷന് 5 കോടി, തൃത്താല ആയുര്‍വേദ പാര്‍ക്കിന് 2 കോടി
ബാലരാമപുരം- കളിയിക്കാവിള നാഷണല്‍ ഹൈവേ വികസനത്തിന് കിഫ്ബി വഴി പണം
തോട്ടം മേഖലയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിനും ലയം പുനര്‍നിർമിക്കാനും 10 കോടി
റവന്യൂ വകുപ്പ് ഡിജിറ്റല്‍ സേവനങ്ങളുടെ ഇ-സാക്ഷരതാ ക്യാംപെയിന് ഒരു കോടി
ജിഎസ്ടി വകുപ്പിലെ ഫേസ് ലെസ് അഡ്ജൂഡിക്കേഷന്‍ സംവിധാനത്തിന് 3 കോടി
ആതിരപ്പിള്ളി ടൂറിസം മാസ്റ്റര്‍പ്ലാന്‍ അടിസ്ഥാന സൗകര്യം ഒരുക്കാൻ 2 കോടി
കട്ടപ്പനയിലെ ഗതാഗത കുരുക്കിന് റിങ് റോഡ് നിർമാണത്തിന് 5 കോടി
തലശ്ശേരി ഹെറിറ്റേജ് ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് 1 കോടി