നെല്ല് സംഭരണ ബോണസായി 49.96 കോടി രൂപ അനുവദിച്ച് കേരള സർക്കാർ

സപ്ലൈകോ വഴി നെല്ല് നൽകുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് (എംഎസ്പി) പുറമേയാണ് സംസ്ഥാന ഇൻസെന്‍റീവ് ബോണസ് നൽകുന്നത്
Kerala government sanctions Rs 49.96 crore as paddy procurement bonus.

നെല്ല് സംഭരണ ബോണസായി 49.96 കോടി രൂപ അനുവദിച്ച് കേരള സർക്കാർ

Updated on: 

തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കർഷകർക്ക് നൽകുന്ന സംസ്ഥാന ഇൻസെന്‍റീവ് ബോണസിന്‍റെ നാലാം ഗഡുവായി 49.96 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്‍റെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ നിർദേശപ്രകാരമാണ് തുക അടിയന്തരമായി അനുവദിച്ചതെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

നിലവിലെ യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം ഇതേ ആവശ്യത്തിനായി രണ്ടാം ഗഡുവായി 104.79 കോടി രൂപയും മൂന്നാം ഗഡുവായി 150 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സപ്ലൈകോ വഴി നെല്ല് നൽകുന്ന കർഷകർക്ക് കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് (എംഎസ്പി) പുറമേയാണ് സംസ്ഥാന ഇൻസെന്‍റീവ് ബോണസ് നൽകുന്നത്. നിലവിൽ കേന്ദ്രത്തിന്‍റെ താങ്ങുവില കിലോഗ്രാമിന് 24.41 രൂപയും സംസ്ഥാനത്തിന്‍റെ ബോണസ് 6.59 രൂപയുമാണ്. ഇതോടെ കർഷകർക്ക് ഒരു കിലോ നെല്ലിന് 31 രൂപ ലഭിക്കും.

കഴിഞ്ഞ വർഷം കിലോഗ്രാമിന് 30 രൂപയായിരുന്നു സംഭരണ വില. ഇതിൽ കേന്ദ്ര വിഹിതം 23.69 രൂപയും സംസ്ഥാന ബോണസ് 6.31 രൂപയുമായിരുന്നു.