മെഡിക്കൽ ബോർഡ് ശുപാർശ തള്ളി; 15 വയസുകാരിക്ക് ഏഴാം മാസം ഗർഭഛിദ്രത്തിന് കോടതി അനുമതി

ലൈംഗികാതിക്രമത്തിന് ഇരയായ 15 വയസുകാരിയുടെ 27 ആഴ്ചയിലധികമുള്ള ഗർഭം അവസാനിപ്പിക്കാൻ ഹൈക്കോടതി അനുമതി; കുഞ്ഞ് ജീവിച്ചാൽ ചികിത്സ ഉറപ്പാക്കാൻ സർക്കാരിന് നിർദേശം
Petition in High Court against free travel; Demand to cancel it

Kerala High Court

file image

Updated on: 

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ 15 വയസുകാരിയുടെ 27 ആഴ്ചയിലധികം പഴക്കമുള്ള ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി. ഗർഭസ്ഥ ശിശുവിന് ജീവിക്കാൻ സാധ്യതയുണ്ടെന്നും 32 ആഴ്ച വരെ ഗർഭം തുടരണമെന്നുമായിരുന്നു പെൺകുട്ടിയെ പരിശോധിച്ച മെഡിക്കൽ ബോർഡിന്‍റെ അഭിപ്രായം.

ലൈംഗികാതിക്രമത്തിന്‍റെ ആഘാതം മൂലം ഗർഭം തുടരാൻ പെൺകുട്ടിക്ക് താത്പര്യമില്ലാത്തതിനാൽ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ മെഡിക്കൽ ടെർമിനേഷൻ ഒഫ് പ്രെഗ്നൻസിക്ക് (എംടിപി) വിധേയയാകാൻ അനുവദിച്ചു.

പെൺകുട്ടിയിൽനിന്നും രക്ഷിതാവിൽനിന്നും ഗർഭഛിദ്രത്തിന് സമ്മതമാണെന്ന് രേഖാമൂലമുള്ള ഉറപ്പ് വാങ്ങിയ ശേഷം, വൈകാതെ നടപടിക്രമം നടത്താൻ ക്രമീകരണം ഒരുക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു. നടപടിക്കു ശേഷം കുഞ്ഞ് ജീവനോടെ ശേഷിച്ചാൽ, നവജാത ശിശു പരിചരണം ഉറപ്പാക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

'മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടിൽ പറയുന്നതുപോലെ കുഞ്ഞിന് ഇനിയും സങ്കീർണതകൾ ഉണ്ടായാൽ, അത് ഉണ്ടാകുന്ന മുറയ്ക്ക് ആവശ്യമായ വൈദ്യസഹായം സർക്കാർ ലഭ്യമാക്കണം,' കോടതി പറഞ്ഞു.

നിലവിലുള്ള ഗർഭകാല പ്രായത്തിൽ ഗർഭം അവസാനിപ്പിക്കുന്നതോ പ്രസവമോ, മാസം തികയാതെ ജനിക്കുന്നതുമായി ബന്ധപ്പെട്ട ഗുരുതര നവജാത രോഗാവസ്ഥകളുടെ അസാധാരണമായ ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നുവെന്ന് മെഡിക്കൽ ബോർഡ് അഭിപ്രായപ്പെട്ടിരുന്നു. സെറിബ്രൽ പാൽസി പോലുള്ള ചലന വൈകല്യങ്ങൾ, കാഴ്ച വൈകല്യം, ഗുരുതരമായ ബൗദ്ധിക-നാഡീവികസന വൈകല്യങ്ങൾ എന്നിവ ഇതിൽപ്പെടുന്നു.

ഗർഭസ്ഥ ശിശുവിന് ജീവിക്കാൻ സാധ്യതയുള്ളതും, മാസം തികയാതെയുള്ള ജനനവുമായി ബന്ധപ്പെട്ട ഗുരുതരവും ജീവിതകാലം മുഴുവൻ നീളുന്നതുമായ വൈകല്യങ്ങളും കണക്കിലെടുത്ത്, ഗർഭം അവസാനിപ്പിക്കുന്നതോ പ്രസവമോ 32 ആഴ്ചയ്ക്കു ശേഷത്തേക്കു നീട്ടിവയ്ക്കണമെന്ന് ബോർഡ് ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നു.

കുഞ്ഞ് ജീവനോടെ ജനിക്കുകയും പെൺകുട്ടിക്ക് കുഞ്ഞിനെ വേണ്ടെന്നുമാണെങ്കിൽ, ദത്തു നൽകുന്നതിനായി ഉപാധികളില്ലാതെ കുഞ്ഞിനെ കൈമാറണമെന്നും ഉത്തരവിൽ കോടതി നിർദേശിച്ചു.

'ഗർഭഛിദ്രത്തിനിടെ കുഞ്ഞ് ജീവിച്ചില്ലെങ്കിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ, ഡിഎൻഎ, ഫിംഗർപ്രിന്‍റിങ്, മാപ്പിങ് ഉൾപ്പെടെ ആവശ്യമായ വൈദ്യപരിശോധനകൾക്കായി ഗർഭസ്ഥ ശിശുവിന്‍റെ കലകളും രക്ത സാമ്പിളുകളും എതിർകക്ഷികളായ സംസ്ഥാന സർക്കാർ സൂക്ഷിക്കണം,' കോടതി പറഞ്ഞു.