അധ്യാപകരുടെ ദുരുദ്ദേശത്തോടെയല്ലാത്ത തിരുത്തൽ ശ്രമങ്ങളെ ക്രിമിനൽ കുറ്റമായി കാണാനാവില്ല; ഹൈക്കോടതി

അച്ചടക്ക നടപടിക്കിടെ വിദ്യാർഥിക്ക് പരുക്കേറ്റ കേസിൽ അധ്യാപികയ്‌ക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം
kerala hc quashes criminal case against teacher

അധ്യാപകരുടെ ദുരുദ്ദേശത്തോടെയല്ലാത്ത തിരുത്തൽ ശ്രമങ്ങളെ ക്രിമിനൽ കുറ്റമായി കാണാനാവില്ല; ഹൈക്കോടതി

kerala High Court

Updated on: 

കൊച്ചി: അച്ചടക്ക നടപടിക്കിടെ വിദ്യാർഥിക്ക് പരുക്കേറ്റ കേസിൽ അധ്യാപികയ്‌ക്കെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി ഹൈക്കോടതി. വിദ്യാർഥിയുടെ പെരുമാറ്റവും ഭാവി ജീവിതവും മികച്ചതാക്കാൻ അധ്യാപകരുടെ സാന്നിധ്യം നിർണായകമാണെന്നും ദുരുദ്ദേശത്തോടെയല്ലാത്ത തിരുത്തൽ ശ്രമങ്ങളെ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി.

അറിവ് പകർന്ന് നൽകുന്നതിനൊപ്പം വിദ്യാർഥികളെ ശരിയായ പാതയിൽ നയിക്കാനും അച്ചടക്കം പഠിപ്പിക്കാനും അധ്യാപകർക്ക് ഉത്തരവാദിത്തമുണ്ട്. ഈ ചുമതല നിർവഹിക്കുമ്പോൾ അധ്യാപകർ മാതാപിതാക്കൾക്ക് തുല്യമായ സ്ഥാനമാണ് വഹിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കുട്ടിക്ക് മാനസികമായോ ശാരീരികമായോ സ്ഥിരമായ പ്രയാസങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ ദുരുദ്ദേശ്യത്തോടെ ക്രൂരമായ ശിക്ഷകൾ നൽകിയാൽ അത് ഗൗരവമായി കാണണമെന്നും ശരിയായ രീതിയിലുള്ള തിരുത്തൽ രീതികളെ കുറ്റമായി കാണേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

2018 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാവുന്നത്. ക്ലാസ് മുറിയിൽ ഓടിനടന്ന അഞ്ചാം ക്ലാസുകാരിയെ സീറ്റിൽ ഇരുത്താനായി അധ്യാപിക കയ്യിൽ പിടിച്ച് വലിച്ചപ്പോൾ കുട്ടിയുടെ കാൽ ഡെസ്കിൽ ഇടിച്ച് കാൽമുട്ടിന് ചെറിയ പോറലും വേദനയുമുണ്ടായി. ഇതിന് ഒരു മാസത്തിന് ശേഷം കുട്ടിയുടെ മാതാപിതാക്കൾ അധ്യാപികയ്ക്കെതിരേ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടികളുടെ മൊഴിയും മെഡിക്കൽ റിപ്പോർട്ടും പരിശോധിച്ചപ്പോൾ കുട്ടിയെ ക്ലാസിൽ അടക്കി ഇരുത്താനുള്ള ശ്രമം മാത്രമാണ് അധ്യാപിക നടത്തിയെന്ന് പൊലീസിന് വ്യക്തമായി. ഇത് കോടതിയും ശരിവയ്ക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com