കുട്ടികളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ കതിര് പദ്ധതി

വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യം വളർത്തി പരിസ്ഥിതി സംരക്ഷണ ബോധം ഉയർത്താൻ സംസ്ഥാന സർക്കാർ കതിര് പദ്ധതി ആരംഭിക്കുന്നു
Kerala launches Kathir scheme to attract students to farming

പരിസ്ഥിതി ദിനത്തിൽ പുതിയ പദ്ധതിക്ക് തുടക്കം.

Freepik.com

Updated on

തിരുവനന്തപുരം: വിദ്യാർഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 'കതിര്' (കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിങ്) പദ്ധതിക്ക് തുടക്കമിടുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ' ഓണത്തിനൊരുക്കാം വിളവിന്‍റെ വിസ്മയം 2026' എന്ന സമഗ്ര കാർഷിക യജ്ഞവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. മികച്ച കുട്ടിക്കർഷകരെയും മാതൃകാ കർഷകരെയും ചടങ്ങിൽ ആദരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.

കാലാവസ്ഥാ വ്യതിയാന വെല്ലുവിളികൾ നേരിടുന്നതിനുള്ള കാർഷിക ഹരിത പ്രതിരോധത്തിന്‍റെ ഭാഗമായാണ് കതിര് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും. ഓരോ ക്ലബ്ബിനും നേതൃത്വം നൽകാൻ നോഡൽ അധ്യാപകരെ നിയോഗിക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്‌കൂൾതല സമിതികളും രൂപീകരിക്കും. വിദ്യാർഥികളിൽ കൃഷിയോടുള്ള താൽപര്യം വളർത്തുക, പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുക, പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.'

പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥയ്ക്കും ഭാവിക്കുമായി പ്രവർത്തിക്കുക' എന്ന ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷ്യസുരക്ഷയും കാർഷിക സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള വിപുലമായ ജനകീയ ഇടപെടലായിരിക്കും ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ മുഖ്യതിഥിയായി പങ്കെടുത്ത് ചടങ്ങിൽ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിവിധ വകുപ്പ് മന്ത്രിമാർ, എംഎൽഎമാർ, കർഷകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം തലസ്ഥാനത്തെ അഞ്ച് വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും ഹരിത സംഗമത്തിൽ പങ്കാളികളാകും. ഇതേസമയത്തു തന്നെ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷി ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും സാന്നിധ്യത്തിൽ ഫലവൃക്ഷത്തൈകൾ നടും.

logo
Metro Vaartha
www.metrovaartha.com