

തിരുവഞ്ചൂർ രാധാകൃഷ്ണൻ | എ.സി. മൊയ്തീൻ |ബി.ബി. ഗോപകുമാർ
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സ്പീക്കർ- ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ചരിത്രത്തിലാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നത്. ഇതുവരെ ഇടത്-വലതുമുന്നണികൾ മാത്രമായിരുന്നു സ്പീക്കർ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെങ്കിൽ ഇത്തവണ എൻഡിഎയിൽ നിന്നും ജയിച്ചെത്തിയ ബിജെപി അംഗവുമുണ്ട്. ഇതോടെ പുതിയൊരു രാഷ്ട്രീയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് നിയമസഭ.
യുഡിഎഫിനായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും എൽഡിഎഫിനായി മുൻ മന്ത്രിയും കുന്ദംകുളം എംഎൽഎ എ.സി. മൊയ്തീനും മത്സരരംഗത്തുള്ളപ്പോൾ ബിജെപിയിൽ നിന്നും ബി.ബി. ഗോപകുമാർ മത്സരത്തിനിറങ്ങും. മുൻകാലങ്ങളിൽ ബിജെപിക്ക് സഭയിൽ സ്ഥാനാർഥിയെ നിർത്തിയ ശേഷം പിന്തുണയ്ക്കാൻ ആവശ്യത്തിന് അംഗങ്ങൾ ഇല്ലാതിരുന്നതിനാൽ മത്സരം സാധ്യമായിരുന്നില്ല.
എന്നാൽ, നിലവിൽ മൂന്ന് അംഗങ്ങളുള്ള ബിജെപിക്ക് ഔദ്യോഗികമായി തന്നെ സഭയ്ക്കുള്ളിൽ മത്സര രംഗത്തിറങ്ങാൻ കഴിഞ്ഞു. മുൻ നിയമസഭകളിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരേ കേരള നിയമസഭയിൽ ഏകകണ്ഠമായി പ്രമേയങ്ങൾ പാസാക്കാറുണ്ടായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായാണ് ഇത്തരം പ്രമേയങ്ങളെ സഭയിൽ പിന്തുണച്ചിരുന്നത്.
എന്നാൽ സഭയ്ക്കുള്ളിൽ ബിജെപിയുടെ മൂന്ന് എംഎൽഎമാർകൂടിയെത്തിയതിനാൽ ഇനി മുതൽ ഇത്തരം പ്രമേയങ്ങളിൽ "ഏകകണ്ഠം' പ്രായോഗികമാകില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും ആണ് ബിജെപിയുടെ മറ്റ് അംഗങ്ങൾ.