കരട് നയം മുഖ്യമന്ത്രിക്ക് നൽകാനുള്ള തീരുമാനം മാറ്റി; മദ്യനയത്തിൽ യുഡിഎഫ് ഉപസമിതി വരുന്നു

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്
kerala liquor policy draft to be first discussed in udf sub committee meeting

കരട് നയം മുഖ്യമന്ത്രിക്ക് നൽകാനുള്ള തീരുമാനം മാറ്റി; മദ്യനയത്തിൽ യുഡിഎഫ് ഉപസമിതി വരുന്നു

Updated on: 

തിരുവനന്തപുരം: വി​.​ഡി. സതീശൻ മന്ത്രിസഭയുടെ പുതിയ മദ്യ നയം സംബന്ധിച്ച ചർച്ചകള്‍ക്കായി യുഡിഎഫ് ഉപസമിതി രൂപീകരിക്കാൻ തീരുമാനം. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കരട് മദ്യനയം ഉപസമിതി വിശദമായി വിലയിരുത്തിയ ശേഷമാകും അനന്തര നടപടികളിലേക്ക് കടക്കുക.

കരട് നയം മുഖ്യമന്ത്രിക്ക് നൽകാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തമ്മിലുള്ള ഭിന്നത മന്ത്രിസഭാ യോഗത്തിൽ മറനീക്കി പുറത്തുവന്നതോടെയാണ് ഉപസമിതി രൂപീകരിക്കാമെന്ന തീരുമാനത്തിലേക്ക് മന്ത്രിസഭ എത്തിയത്. കോണ്‍ഗ്രസ് പ്രതിനിധിയാകും സമിതിയുടെ അധ്യക്ഷൻ.

എല്ലാ ഘടകകക്ഷികളിൽ നിന്നുള്ള പ്രതിനിധികള്‍ അടങ്ങുന്ന ഉപസമിതി അധികം വൈകാതെ തന്നെ രൂപീകൃതമാകും. ഈ മാസം 30ന് മുമ്പ് പുതിയ മദ്യനയം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രി തന്നെ സൂചന നൽകിയിരുന്നു. പല തീരുമാനങ്ങളും തങ്ങള്‍ അറിയുന്നില്ലെന്ന പരിഭവം മന്ത്രിമാർ തന്നെ പങ്കുവച്ച സാഹചര്യത്തിൽ ഇത്തരം പരാതികള്‍ക്ക് കടിഞ്ഞാണിടുക എന്ന ലക്ഷ്യവും ഉപസമിതി രൂപീകരണത്തിന് പിന്നിലുണ്ട്.