

ഇന്ത്യൻ പാർലമെന്‍റ് മന്ദിരം.
File
ന്യൂഡൽഹി: പാർലമെന്‍റിൽ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ഭേദഗതി ബില്ലിലെ മണ്ഡല പുനർനിർണയ (ഡീലിമിറ്റേഷൻ) വ്യവസ്ഥകൾക്കെതിരേ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധം കടുപ്പിച്ചു. ഈ വ്യവസ്ഥകൾ ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് നേതാക്കൾ ആരോപിച്ചു.
പാർലമെന്‍റിനു പുറത്ത് ആരോപണം ഉന്നയിച്ച നേതാക്കൾ, ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ സഭയ്ക്കുള്ളിലും ആരോപണം ആവർത്തിച്ചു.
സ്ത്രീ സംവരണത്തെ തങ്ങൾ അനുകൂലിക്കുന്നുണ്ടെന്നും എന്നാൽ അതിന്‍റെ മറവിൽ മണ്ഡല പുനർനിർണയ വ്യവസ്ഥകൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എൻ.കെ. പ്രേമചന്ദ്രൻ, സിപിഐ നേതാവ് ആനി രാജ എന്നിവർ പറഞ്ഞു.
മണ്ഡല പുനർനിർണയം നടപ്പാക്കുന്നത് കേരളത്തോടുള്ള അവഗണന വർധിപ്പിക്കാൻ ഇടയാക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 200 സീറ്റുകൾ വരെ വർധിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വെറും 60 സീറ്റുകൾ മാത്രമാണ് വർധിക്കുകയെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ഉപയോഗിച്ച് രാജ്യം ഭരിക്കാനുള്ള ബിജെപി അജൻഡയാണെന്നും അദ്ദേഹം ആരോപിച്ചു.
ലോക്സഭാ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയർത്താനാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്. ഇതിനായുള്ള പ്രത്യേക പാർലമെന്‍റ് സമ്മേളനം ഏപ്രിൽ 16 മുതൽ 18 വരെ നടക്കും.