

കേരളത്തിൽ അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ കര്‍ണാടകയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിൽ, തെക്കൻ തമിഴ്‌നാടിനും പുതുച്ചേരിക്കും മുകളിൽ, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ 4.5 കിലോമീറ്റർ ഉയരത്തിൽ എന്നിങ്ങനെ മൂന്ന് ചക്രവാതച്ചുഴികളാണ് സ്ഥിതി ചെയ്യുന്നത്. ഇതാണ് കേരളത്തിൽ മഴ തുടരാൻ കാരണം.