'എല്ലാം സെറ്റ്', കേറി വാ മക്കളേ!

പുസ്തകങ്ങളും യൂണിഫോമും അരിയുമടക്കം ഒരുക്കങ്ങൾ പൂർത്തിയായി
'എല്ലാം സെറ്റ്', കേറി വാ മക്കളേ!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾക്കുള്ള യൂണിഫോം, പുസ്തകങ്ങൾ, ഉച്ചഭക്ഷണത്തിനുള്ള അരിയടക്കം സകലതും സജ്ജീകരിച്ച് പ്രവേശനോത്സവം വർണാഭമാക്കാനൊരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. മധുരം നൽകിയും വാദ്യമേളങ്ങളൊരുക്കിയും നവാഗതരെ വരവേൽക്കാൻ അവസാനവട്ട തയാറെടുപ്പുകളിലാണ് സ്കൂൾ അധികാരികളും.

"എല്ലാം സെറ്റ്' എന്ന പേരിൽ സമൂഹ്യ മാധ്യമങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക പ്രചാരണവും സജീവമാണ്. പുസ്തകങ്ങളും യൂണിഫോം വിതരണവും ഭൂരിഭാഗവും പൂർത്തിയായിക്കഴിഞ്ഞു. ശുചീകരണം പൂർത്തിയാക്കി അവസാനവട്ട അലങ്കാരപ്പണികൾ നടക്കുന്ന സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള അരിയും എത്തി.

മഴയുടെ ഭീഷണി നിലനിൽക്കേ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നിലവിലെ തീരുമാനം. ഇതിനുള്ള സന്നാഹങ്ങളെല്ലാം എറണാകുളത്ത് ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് മന്ത്രി വി. ശിവൻകുട്ടി അന്തിമ തീരുമാനം അറിയിക്കും. ജില്ലാ, തദ്ദേശ അടിസ്ഥാനത്തിലും എല്ലാ സ്കൂളിലും പ്രവേശനോത്സവം സംഘടിപ്പിക്കും.

സംസ്ഥാനത്താകെ 6,842 എൽപി, 2993 യുപി, 3139 ഹൈസ്കൂൾ, 2060 ഹയർ സെക്കൻഡറി, 389 വിഎച്ച്എസ്ഇ സ്കൂളുകളാണുള്ളത്.കഴിഞ്ഞ അധ്യയന വർഷം 45,72,104 കുട്ടികളാണ് സ്കൂളിലെത്തിയത്. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ലഹരി വില്പന തടയാൻ ജോയിന്‍റ് ആക്‌ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

1, 3, 5, 7, 9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഓൺലൈനിൽ വായിക്കാൻ എസ്‌സിഇആർടി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. https://scert.kerala.gov.in/curriculum-2024/ ൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിലുള്ള ഇ- പുസ്തകങ്ങൾ ലഭ്യമാണ്. പഴയ പാഠപുസ്തകങ്ങൾ വെബ്‌സൈറ്റിലും സമഗ്ര പോർട്ടലിലും ലഭ്യമാണ്.

കൊച്ചിയിൽ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും. രാവിലെ 9ന് മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടര്‍ന്ന് പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്‌ക്കാരം നടക്കും.

ടി.ജെ. വിനോദ് എംഎല്‍എ, ഹൈബി ഈഡന്‍ എംപി, മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, എംപിമാരായ ജെബി മേത്തര്‍, തോമസ് ചാഴികാടന്‍, എംഎല്‍എമാരായ ആന്‍റണി ജോണ്‍, അനൂപ് ജേക്കബ്, കെ. ബാബു, കെ.ജെ. മാക്സി, മാത്യു കുഴല്‍നാടന്‍, പി.വി. ശ്രീനിജിന്‍, ഉമ തോമസ്, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍ എസ്. ഷാനവാസ്, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും.

എളമക്കര ഗവ. എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.വി. ബിന്ദു, പിടിഎ പ്രസിഡന്‍റ് കെ.കെ. ശിവദാസന്‍, എസ്എംസി ചെയര്‍മാന്‍ എന്‍.ടി. നാസര്‍ തുടങ്ങിയവരും പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.