കേരളത്തിന് സ്വന്തമായി ആയുഷ് സർവകലാശാല വരുന്നു; നിയമം തയ്യാറാക്കാൻ സമിതി

ആയുർവേദം, ഹോമിയോപതി, സിദ്ധ, യൂനാനി എന്നീ ആയുഷ് ചികിത്സാ സംവിധാനങ്ങളിലെ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയവ ഏകോപിപ്പിക്കുന്ന സമഗ്ര അക്കാദമിക് സംവിധാനമാണ് പുതിയ സർവകലാശാലയിലൂടെ ലക്ഷ്യമിടുന്നത്
K Muraleedharan on v d satheeshans travel

കെ. മുരളീധരൻ

file

Updated on

തിരുവനന്തപുരം: കേരളത്തിൽ സ്വതന്ത്ര ആയുഷ് സർവകലാശാല സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർവകലാശാല രൂപീകരിക്കുന്നതിനുള്ള നിയമത്തിന്‍റെ കരട് തയ്യാറാക്കാൻ നാലംഗ സമിതിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

ആയുർവേദം, ഹോമിയോപതി, സിദ്ധ, യൂനാനി എന്നീ ആയുഷ് ചികിത്സാ സംവിധാനങ്ങളിലെ വിദ്യാഭ്യാസം, ഗവേഷണം, ക്ലിനിക്കൽ പഠനം, ഔഷധ വികസനം എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര അക്കാദമിക് സംവിധാനമാണ് പുതിയ സർവകലാശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. ആയുഷ് മേഖലയ്ക്ക് പ്രത്യേക അക്കാദമിക് ആവാസവ്യവസ്ഥ ഒരുക്കുന്ന ചരിത്രപരമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ് വകുപ്പിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. ദേശീയ ആയുഷ് മിഷൻ സംസ്ഥാന മിഷൻ ഡയറക്റ്റർ കൺവീനറായിരിക്കും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററും സർക്കാർ ഹോമിയോപതിക് മെഡിക്കൽ കോളേജിന്‍റെ പ്രിൻസിപ്പലും കൺട്രോളിങ് ഓഫീസറും മറ്റ് അംഗങ്ങളാണ്.

നിലവിൽ കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലുള്ള എല്ലാ ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുതിയ സർവകലാശാലയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലൂടെ ആയുഷ് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും കൂടുതൽ ശക്തി പകരാനാകുമെന്നാണ് വിലയിരുത്തൽ.

കൊച്ചിയ്ക്ക് സമീപത്തെ തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്‍റൽ റിസർച്ച് ഇൻ ആയുർവേദ ക്യാമ്പസിലായിരിക്കും സർവകലാശാലയുടെ ആസ്ഥാനം സ്ഥാപിച്ചേക്കുക. സർവകലാശാലയുടെ അക്കാദമിക്, ഭരണഘടനാപരമായ സംവിധാനം, ഭരണരീതി, ഗവേഷണ പദ്ധതികൾ, നിലവിലുള്ള ആയുഷ് സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ പഠിച്ച് രണ്ട് മാസത്തിനകം നിയമത്തിന്‍റെ കരട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്.

ആയുർവേദം, ഹോമിയോപതി, സിദ്ധ, യൂണാനി വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയർത്തുക, അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക് കോഴ്‌സുകൾ വികസിപ്പിക്കുക, ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com