

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ
തിരുവനന്തപുരം: മംഗളൂരു റെയ്ൽവേ സ്റ്റേഷനെ പാലക്കാട് ഡിവിഷനിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയ്ൽവേ ബോർഡിന്‍റെ തീരുമാനം ഏകപക്ഷീയമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന സർക്കാരിനെ അറിയിക്കുകയോ ചർച്ച നടത്തുകയോ ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്‍റെ ഐകകണ്ഠമായ ആവശ്യമാണ്. തന്ത്രപ്രധാനമായ മംഗളൂരു ജങ്ഷനെ ഒഴിവാക്കുന്നത് പാലക്കാട് ഡിവിഷന്‍റെ വരുമാനം ഗണ്യമായി കുറയ്ക്കുകയും വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് സതീശൻ പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണ റെയ്ൽവേയുടെ കീഴിലുള്ള ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള പ്രദേശം ദക്ഷിണ പശ്ചിമ റെയ്ൽവേയിലേക്ക് മാറ്റുന്നത് ദക്ഷിണ റെയ്ൽവേയ്ക്കും കേരളത്തിനും വലിയ നഷ്ടമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തര പരിഹാരം തേടി കേന്ദ്ര സർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയ്ൽവേ മന്ത്രിക്കും കത്തയക്കും. സംസ്ഥാനത്തെ എംപിമാരുടെ സഹകരണത്തോടെ തീരുമാനത്തിൽ പുനഃപരിശോധന ആവശ്യപ്പെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താനും തീരുമാനത്തിനെതിരേ രംഗത്തെത്തി. കേരളത്തോടും പ്രത്യേകിച്ച് മലബാർ മേഖലയോടും റെയ്ൽവേ കാണിക്കുന്ന അവഗണനയുടെ മറ്റൊരു ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തോട് തുടരുന്ന ‘ചിറ്റമ്മ നയമാണ്’ തീരുമാനത്തിലൂടെ വ്യക്തമാകുന്നതെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും ഉണ്ണിത്താൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
കോൺഗ്രസ് നേതാവും പാലക്കാട് എംപിയുമായ വി.കെ. ശ്രീകണ്ഠനും റെയ്ൽവേയുടെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ചു. കേരളത്തിലെ എംപിമാരെയോ സംസ്ഥാന സർക്കാരിനെയോ അറിയിക്കാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാലക്കാട് ഡിവിഷന്‍റെ വരുമാനവും ഫണ്ടും കുറച്ച് അതിനെ ദുർബലപ്പെടുത്തുകയും ഒടുവിൽ ഇല്ലാതാക്കുകയുമാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. വിഷയത്തിൽ പാർലമെന്‍റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.