

വേടൻ
തിരുവനന്തപുരം: നാലാം വർഷ ബിരുദ സിലബസിൽ ബലാത്സംഗ, പീഡന, മയക്കുമരുന്നു കേസുകളിൽ പ്രതിയായ റാപ്പർ വേടനെ കുറിച്ചുള്ള ലേഖനം ഉൾപ്പെടുത്തി കേരള സർവകലാശാല. "വേടന്‍, ദ റവല്യൂഷണറി റാപ്പര്‍' എന്ന തലക്കെട്ടിലാണ് ലേഖനം. മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സായ കേരള സ്റ്റഡീസ് ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ കോഴ്‌സിലാണ് വേടനെക്കുറിച്ച് പഠിക്കുക.
സാമൂഹിക നീതി, അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ അവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി റാപ്പർ വേടന്‍റെ സംഗീതം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തെക്കുറിച്ചുള്ള ആഴത്തിലുള്ള വരികളാണ് വേടന്‍റേതെന്നും മലയാളം റാപ്പില്‍ അദ്ദേഹം പ്രതിരോധത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും പ്രതീകമാണെന്നും പുസ്തകത്തില്‍ പറയുന്നു. ഈ പുസ്തകത്തിൽ തിരുമാലി എന്ന റാപ്പറെക്കുറിച്ചും പരാമര്‍ശമുണ്ട്. കേരളത്തിലെ തൊഴിലാളി വര്‍ഗം നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ളതാണ് തിരുമാലിയുടെ റാപ്പെന്ന് പാഠപുസ്തകത്തില്‍ പറയുന്നു.
വേടന്‍റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരേ നേരത്തെ സിന്‍ഡിക്കേറ്റിലെ ബിജെപി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിസി ഡോ. രവീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെ വിസി നിയമിച്ച ഡോ. എം.എം. ബഷീറിന്റെ വിദഗ്ധ സമിതി വേടന്‍റെയും ഗായിക ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ സിലബസില്‍ നിന്നും ഒഴിവാക്കാൻ ശുപാര്‍ശ ചെയ്തു. ഇതിനു പിന്നാലെയാണ് കേരള സർവകലാശാലയുടെ സിലബസിലേക്കും വേടൻ എത്തുന്നത്.