

മോഹനൻ കുന്നുമ്മൽ
file image
കഴക്കൂട്ടം: മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ പാറ്റ പരാമർശവുമായി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാവാനാണെന്നായിരുന്നു വിസിയുടെ പരാമർശം.
പിന്നാലെ പാറ്റകളല്ലാത്തവർ ഉറക്കേ പറയൂ എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ വിദ്യാർഥികളാരും പ്രതികരിച്ചില്ല. അതോടെ വീണ്ടും മോഹനൻ ഇക്കാര്യം ആവർത്തിച്ചപ്പോൾ ഒരു വിദ്യാർഥി അല്ല എന്ന് പറയുന്നുണ്ട്. ആ കുട്ടിയെ അഭിനന്ദിച്ച ശേഷം വീണ്ടും മറ്റ് കുട്ടികളോട് പ്രതികരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. വിദ്യാർഥികൾ പ്രതികരിക്കാത്തതിനെ തുടർന്ന് നിങ്ങൾക്ക് സംശയമുണ്ടോ എന്ന് വിസി ആവർത്തിച്ച് ചോദിക്കുന്നു. അതിനും പ്രതികരണം ലഭിക്കാതെ വന്നതോടെ നിങ്ങൾ പാറ്റകളല്ല, കരുത്തുറ്റ സിംഹങ്ങളാണെന്നും ദുർഗാ ദേവി ആണെന്നും വിസി പറയുകയായിരുന്നു.
കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെ അഭിനന്ദിക്കാനായി സംഘടിപ്പിച്ച വിജയതാരകം പരിപാടിക്കിടെയായിരുന്നു സംഭവം. അതേസമയം, സോഷ്യൽമീഡിയയിലടക്കം വ്യാപക വിമർശനമാണ് വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. കുട്ടികളെ അഭിനന്ദിക്കുന്ന ചടങ്ങിൽ ഇത്തരം ചോദ്യങ്ങൾ എന്തിനാണെന്ന സംശയമാണ് പലരും ഉയർത്തുന്നത്.