

മോൻസ് ജോസഫ് |വിജയ്
കോട്ടയം: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് വർധിപ്പിക്കാനുള്ള തമിഴ്നാട് സർക്കാരിന്‍റെ തീരുമാനത്തെ എതിർത്ത് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാടിന്‍റെ നിലപാട് ദൗർഭാഗ്യകരമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീംകോടത 142 അടി നിലനിർത്താമെന്ന് ഉത്തരവിട്ടെങ്കിലും രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. പുതിയ ഡാം വേണം എന്നുള്ളത് തന്നെയാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും മന്ത്രി അറിയിച്ചു.
ചൊവ്വാഴ്ച വിജയ് സർക്കാരിന്‍റെ കന്നി ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി മേരി വിൽസൺ മുല്ലപ്പെരിയാറിന്‍റെ കാര്യം പരാമർശിച്ചത്. പുതിയ അണക്കെട്ട് പണിയില്ലെന്നും ജലനിരപ്പ് 142 അടിയായി ഉയർത്തുമെന്നുമായിരുന്നു പ്രഖ്യാപനം. 142 അടി വരെ ജലനിരപ്പുയർത്താമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കേരളത്തെ ആശങ്കയിലാഴ്ത്തുന്ന കാര്യമാണ് ജലനിരപ്പ് ഉയർത്തുന്നത്. ഇതിനെ ശക്തമായി എതിർക്കാനാണ് കേരള സർക്കാരിന്‍റെ നീക്കം.