''അരാജകത്വം സൃഷ്ടിക്കാനാണ് താൽപ്പര്യമെങ്കിൽ രാഹുൽ ഗാന്ധി ബംഗ്ലാദേശിലേക്ക് പോകട്ടെ'': രാജീവ് ചന്ദ്രശേഖർ

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്
Keralam BJP chief Rajeev chandrasekhar asks Rahul Gandhi to go to Bangladesh

രാജീവ് ചന്ദ്രശേഖർ, രാഹുൽ ഗാന്ധി

Updated on: 

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ‍ വിമർശനവുമായി ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ. രാഹുൽ ഗാന്ധിക്ക് രാജ‍്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് താൽപ്പര‍്യമെങ്കിൽ ബംഗ്ലാദേശിലേക്ക് പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജീവ് ചന്ദ്രശേഖർ വിമർശനവുമായി രംഗത്തെത്തിയത്.

രാഹുലിന്‍റെ സ്വപ്നം ഇന്ത‍്യയിൽ ഒരിക്കലും നടപ്പാകില്ലെന്നും രാജ‍്യത്തെ ജനാധിപത‍്യം സംരക്ഷിക്കാൻ ബിജെപിയും 140 കോടി ഇന്ത‍്യക്കാരുമുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എസ്ഐആർ നടപടികളിലെ ക്രമക്കേടുകൾ ഉന്നയിച്ചും മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ‍്യപ്പെട്ടും കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാൻ ഇനി കോൺഗ്രസിന് കഴിയില്ലെന്നും ഹിമാചൽ, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവർക്ക് വോട്ട് ചെയ്യില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Rahul Gandhi യുടെ ആ സ്വപ്നം ഇന്ത്യയിൽ ഒരിക്കലും നടക്കാൻ പോകുന്നില്ല. കാരണം, നമ്മുടെ രാജ്യത്തിന്‍റെ ജനാധിപത്യം സംരക്ഷിക്കാൻ ഇവിടെ ബിജെപിയുണ്ട്; ഒപ്പം 140 കോടി ഇന്ത്യക്കാരുമുണ്ട്.

2014-ൽ തോറ്റു; 2019-ൽ ജനങ്ങൾ തോൽപ്പിച്ചു. 2024-ൽ നുണപ്രചാരണം നടത്തിയിട്ടും തോറ്റു. ജനങ്ങൾ നൽകിയ സന്ദേശം രാഹുൽ ഗാന്ധിക്ക് വളരെ വ്യക്തമായിത്തന്നെ മനസിലായിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടി വിജയിക്കാൻ കോൺഗ്രസിന് ഇനി കഴിയില്ല. ഹിമാചൽ, കർണാടക, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ ഭരണമികവ് നോക്കി ആരും അവർക്ക് വോട്ട് ചെയ്യാനും പോകുന്നില്ല.

അതുകൊണ്ട് നുണ പ്രചരിപ്പിച്ച് ജനശ്രദ്ധ തിരിച്ച്, രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് പ്രധാനമന്ത്രി Narendra Modi ജിയെ പരാജയപ്പെടുത്താനുമാണ് ഇപ്പോഴത്തെ നീക്കം.

രാഹുൽ ഗാന്ധിക്ക് അരാജകത്വം സൃഷ്ടിക്കാനാണ് താൽപ്പര്യമെങ്കിൽ, അദ്ദേഹം ബംഗ്ലാദേശിലേക്ക് പോകട്ടെ. തന്നെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെയും കൂട്ടുപിടിച്ച് അവിടെപ്പോയി രാഷ്ട്രീയം കളിക്കട്ടെ.