സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമ നിർമാണം

ലബോറട്ടറി പരിശോധനകൾ, സിടി-എംആർഐ സ്കാനിങ്, മറ്റ് ഡയഗ്നോസ്റ്റിക് സേവനങ്ങൾ, മുറിവാടക തുടങ്ങി വിവിധ നിരക്കുകളുടെ നിയന്ത്രണവും പരിശോധിക്കും
Keralam to control private hospital charges

ആശുപത്രിച്ചെലവ് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ.

Updated on: 

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ സംസ്ഥാന സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നു. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്‍റെ കരട് തയാറാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിക്കും. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ വകുപ്പ് ഡയറക്റ്റർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്റ്റർ, കെഎംഎസ്‍സിഎൽ മാനെജിങ് ഡയറക്റ്റർ എന്നിവർ അംഗങ്ങളായിരിക്കും.

സ്വകാര്യ ആശുപത്രിമേഖലയുമായും ബന്ധപ്പെട്ട മറ്റു വിഭാഗങ്ങളുമായും കൂടിയാലോചിച്ചാകും ശുപാർശകൾ തയാറാക്കുക. ചികിത്സാച്ചെലവ് കുറയ്ക്കുക, ചികിത്സയുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുക, രോഗികളുടെ സുരക്ഷയും സേവനങ്ങളുടെ ലഭ്യതയും മെച്ചപ്പെടുത്തുക തുടങ്ങിയവ സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാനാണു സമിതിക്ക് നിർദേശം.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ്, മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനകളുടെ നിരക്ക്, മുറിവാടക, വിവിധ ചികിത്സാ നടപടിക്രമങ്ങൾക്കും ഇടപെടലുകൾക്കുമുള്ള നിരക്ക് എന്നിവ വിശദമായി പരിശോധിക്കും.

മരുന്നുവില കുറയ്ക്കേണ്ടിവരും

ചികിത്സ ആരംഭിക്കുന്നതിന് മുൻപ് പ്രതീക്ഷിത ചെലവ് വ്യക്തമാക്കുക, ബില്ലിൽ ഓരോ ഇനത്തിന്‍റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക, മരുന്നുകളുടെ വിലയിൽ സുതാര്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ സ്വകാര്യ ആശുപത്രികൾ ഉറപ്പാക്കേണ്ടിവരും. ആശുപത്രികളിൽ എംആർപിയെക്കാൾ കുറഞ്ഞ നിരക്കിൽ മരുന്നു ലഭ്യമാക്കാനും, വാങ്ങുന്ന വിലയും രോഗികളിൽ നിന്ന് ഈടാക്കുന്ന വിലയും സംബന്ധിച്ച സുതാര്യത ഉറപ്പാക്കാനും സർക്കാർ ഇടപെടലുണ്ടായേക്കും.

ലബോറട്ടറി പരിശോധനകൾ, സിടി-എംആർഐ സ്കാനിങ്, മറ്റ് ഡയഗ്നോസ്റ്റിക് സേവനങ്ങൾ, മുറിവാടക തുടങ്ങി വിവിധ നിരക്കുകളുടെ നിയന്ത്രണവും പരിശോധിക്കും. സർക്കാർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളുടെ സേവനം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ സാധ്യതകളും സമിതി വിലയിരുത്തും.

അമിത കച്ചവട താത്പര്യം അംഗീകരിക്കില്ല

സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്തിന്‍റെ ആരോഗ്യരംഗത്ത് നിർണായക സാന്നിധ്യമാണെങ്കിലും ചില ആശുപത്രികൾ പാവപ്പെട്ടവരെ അമിതമായി ചൂഷണം ചെയ്യുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താങ്ങാനാകാത്ത ബില്ലുമായി നിരവധി പേരാണ് സഹായം തേടിയെത്തുന്നത്. ആരോഗ്യരംഗത്തെ ഈ അമിത കച്ചവട താത്പര്യം അംഗീകരിക്കാനാകില്ല.

സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനച്ചെലവും പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചുകൊണ്ട്, രോഗികളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള പ്രായോഗിക നിയന്ത്രണ സംവിധാനമാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

logo
Metro Vaartha
www.metrovaartha.com