

ജലവിഭവ വകുപ്പിനെയും വാട്ടർ അഥോറിറ്റിയെയും കാര്യക്ഷമമാക്കാൻ ജലനയം.
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സർക്കാർ ജലം നയം ആവിഷ്കരിക്കുന്നു. ജലവിഭവ വകുപ്പിന് കീഴിൽ വരുന്ന വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് ജലനയം നടപ്പാക്കുന്നത്. 2027ന്റെ തുടക്കത്തിൽ തന്നെ ജലനയം പ്രഖ്യാപിക്കുമെന്നു മന്ത്രി മോൻസ് ജോസഫ്.
സംസ്ഥാന ജലവിഭവ വകുപ്പിനെയും വാട്ടർ അഥോറിറ്റിയെയും കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുകയും പുതിയ നയത്തിന്റെ ലക്ഷ്യമാണ്. സമഗ്രമായ ജലനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ഡിസംബർ ആദ്യവാരം തിരുവനന്തപുരത്ത് 'കേരള വാട്ടർ കോൺക്ലേവ്' സംഘടിപ്പിക്കും. അന്താരാഷ്ട്ര ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി അടക്കമുള്ളവർ ഇതിൽ പങ്കാളികളാകും.
തലസ്ഥാന നഗരിയിൽ അരുവിക്കരയിൽ നിന്ന് പമ്പ് ചെയ്യുന്ന കുടിവെള്ളത്തിന്റെ പകുതിയോളം വിതരണത്തിലെത്തും മുൻപ് നഷ്ടപ്പെടുന്നത് കണ്ടെത്തി പരിഹരിക്കാൻ പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കും. വിജയിക്കുന്ന മുറയ്ക്ക് ഈ സാങ്കേതികവിദ്യ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. തീരദേശ മേഖലകളിൽ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കുന്ന ഡീസാലിനേഷൻ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള പദ്ധതിയും പരിഗണനയിലുണ്ട്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും രൂക്ഷമായ പോള ശല്യം പരിഹരിക്കാൻ പോള സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കുന്ന വിദേശ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഇതിനായി വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി പറഞ്ഞു.
കുടിവെള്ള-ഇറിഗേഷൻ പ്രശ്നങ്ങൾ പ്രാദേശികമായി പരിഹരിക്കുന്നതിന് ജനുവരി മുതൽ നിയോജക മണ്ഡലങ്ങളിൽ എംഎൽഎമാർ ചെയർമാൻമാരായി സമിതികൾ രൂപീകരിക്കും. തദ്ദേശ ജനപ്രതിനിധികളും വാട്ടർ അഥോറിറ്റി, പിഡബ്ല്യുഡി, എൽഎസ്ജിഡി ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി പ്രതിമാസം യോഗം ചേരും. മൂന്ന് മാസത്തിലൊരിക്കൽ കലക്റ്ററുടെ നേതൃത്വത്തിൽ ജില്ലാതല അവലോകനവും ആറു മാസത്തിലൊരിക്കൽ മന്ത്രിതല അവലോകനവും നടത്തും.
വാട്ടർ അഥോറിറ്റി പൈപ്പിടാൻ വെട്ടിപൊളിക്കുന്ന പിഡബ്ല്യുഡി റോഡുകൾ ഇനി മുതൽ പിഡബ്ല്യുഡിയും ഗ്രാമീണ / പഞ്ചായത്ത് റോഡുകളാണെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നേരിട്ട് പുനരുദ്ധരിക്കും. റോഡ് പൊളിക്കുന്ന ഭാഗത്തിന്റെ പുനരുദ്ധാരണത്തിനുള്ള തുക വാട്ടർ അഥോറിറ്റി അതതു വകുപ്പുകൾക്ക് കൈമാറും. ഇതുസംബന്ധിച്ച് വകുപ്പ് മന്ത്രിമാർ തമ്മിൽ ധാരണയായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം, ടെക്നോസിറ്റി തുടങ്ങിയ മേഖലകളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മാസ്റ്റർ പ്ലാൻ രൂപീകരിക്കും.
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായത്തോടെ 4000 കോടി രൂപയുടെ തീരദേശ സംരക്ഷണ പദ്ധതി നടപ്പാക്കും. ചെല്ലാനം, പൊഴിയൂർ പദ്ധതികൾക്കു പുറമെ 10 പ്രധാന ഹോട്ട്സ്പോട്ടുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖം ബീച്ച് പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളും പരിഗണനയിലുണ്ട്. വാട്ടർ അഥോറിറ്റിയുടെയും ഇറിഗേഷൻ വകുപ്പിന്റെയും അധീനതയിലുള്ള ഗസ്റ്റ് ഹൗസുകളും ഇൻസ്പെക്ഷൻ ബംഗ്ലാവുകളും നവീകരിച്ച് പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും വാടകയ്ക്ക് നൽകുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി.