

പിണറായി വിജയൻ
കൊല്ലം: പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. പാർട്ടിയുടെ വൻ പരാജയത്തിനു കാരണം പിണറായി വിജയനാണ്. പുതുതലമുറയ്ക്ക് വഴിയൊരുക്കുന്നതിനുപകരം പിണറായി വീണ്ടും പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുത്തത് ശരിയായില്ലെന്നാണ് വിമർശനം ഉയർന്നത്.
പിണറായി വിജയന്‍റെ വീട്ടിൽ പോയി ചോദിക്ക്, ഡാഷ് മോനേ തുടങ്ങിയ പരാമർശങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിക്കെതിരായ വോട്ട് എല്ലാ മേഖലയിലും ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായ സന്ദേശം നൽകി. പയ്യന്നൂരിലെ രക്തസാക്ഷിഫണ്ട് വിവാദം, തളിപ്പറമ്പ് സ്ഥാനാർഥി നിർണയം എന്നിവയെല്ലാം പരാജയത്തിന് കാരണമായി.
നേതാക്കളുടെ ധാർഷ്ട്യം ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റിയെന്നും വിമർശനമുണ്ട്. വികസന ക്ഷേമപ്രവർത്തനങ്ങൾ ഏറെയുണ്ടായെങ്കിലും ഭരണവിരുദ്ധ തരംഗമുണ്ടായിരുന്നു. ജനവികാരം മനസ്സിലാക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾക്ക് ജനമനസ്സ് മനസിലാക്കാൻ കഴിയുന്നില്ലെന്ന വിമർശനവും ഉയർന്നു. പാർട്ടിക്കും മുന്നണിക്കും ഉള്ളിൽനിന്നുതന്നെ വലിയനിലയിൽ വോട്ട് ചോർന്നു. ശക്തികേന്ദ്രങ്ങളിലെ തോൽവിയും വോട്ടുചോർച്ചയും ഇതിന് തെളിവാണ്. എല്ലാ ജനവിഭാഗങ്ങളും ഇടതുമുന്നണിയെ കൈവിട്ടു. ജനവികാരം മനസിലാക്കാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നും വിമർശനമുണ്ട്.