പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകളിലേക്ക് കാർ ഇടിച്ചുകയറ്റി, കൊല്ലത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും പാചകവാതക ചോർച്ച സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി
 kollam parippally ioc plant accident

പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകളിലേക്ക് കാർ ഇടിച്ചുകയറ്റി, കൊല്ലത്ത് വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Updated on: 

കൊല്ലം: പാരിപ്പള്ളി ഐഒസി ബോട്ലിങ് പ്ലാന്‍റിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാർ ഇടിച്ചു കയറ്റിയ യുവാക്കൾ അറസ്റ്റിൽ. പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്ക് ചെയ്തിരുന്ന അതീവ സുരക്ഷാ മേഖലയിലാണ് കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും പാചകവാതക ചോർച്ച സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

വെള്ളിയാഴ്ച രാത്രി എട്ടരയോചെയാണ് സംഭവമുണ്ടായത്. ബോട്‌ലിങ് പ്ലാന്റിലേക്ക് പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിട്ടിരിക്കുമ്പോഴാണു കാർ അതിവേഗത്തിൽ ടാങ്കറുകൾക്ക് ഇടയിലേക്കു പാഞ്ഞുകയറിയത്. സുരക്ഷാ ജീവനക്കാർ ഓടി എത്തിയെങ്കിലും കാറിന്റെ മരണപ്പാച്ചിൽ തടയാനായില്ല. ഗേറ്റിലും മറ്റും ഇടിച്ച പാഞ്ഞ കാർ ടാങ്കറുകളിലും ഇടിച്ചു. വാൽ‌വുകളിൽ തട്ടാത്തതിനാൽ വാതകച്ചോർച്ച സംഭവിച്ചില്ല.

ടാങ്കറിലിടിച്ച് കാർ നിന്നതോടെ വാഹനത്തിലുണ്ടായിരുന്നവരെ പിടികൂടി പാരിപ്പള്ളി പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തു. പരവൂർ കലയ്ക്കോട് സ്വദേശികളാണു കാറിൽ ഉണ്ടായിരുന്നതെന്ന് പറയുന്നു. 15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണു യാഡിൽ ഉണ്ടായിരുന്നത്. 342 സിലിണ്ടർ വീതം 5 ലോറികളിൽ വിതരണം ചെയ്യാൻ കഴിയുന്ന പാചക വാതകം ഓരോ ബുള്ളറ്റ് ടാങ്കിലുമുണ്ടാകും. ബോട്‌ലിങ് പ്ലാന്റിലെ സംഭരണിയിലേക്ക് ശേഖരിക്കുന്നതിനുള്ള ഊഴം കാത്തു കിടക്കുന്ന ടാങ്കറുകളിലേക്കാണു കാർ ഇടിച്ചു കയറിയത്.