

കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലി കൂട്ടത്തല്ല്; വധു കുഴഞ്ഞുവീണു
കൊല്ലം: ഐസ്ക്രീം നൽകാത്തതിന്‍റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയാണ് സംഭവം. രാവിലെ കല്യാണ സമയത്ത് തുടങ്ങിയ പ്രശ്നം ഒടുവിൽ കൈയാങ്കളിലിലേക്ക് വഴിമാറുകയായിരുന്നു.
കല്യാണ വിരുന്നിനിടെ ഐസ്ക്രീം ചോദിച്ചപ്പോൾ പെൺവീട്ടുകാർ നൽകാത്തതിന് പിന്നാലെയാണ് കൂട്ടയടി നടന്നത്. ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിങ്ങുകാരൻ പറഞ്ഞതോടെ ബോക്സ് തുറന്ന് ഐസ്ക്രീം എടുക്കാൻ നോക്കിയതോടെ വാക്കുതർക്കം മിനിറ്റുകൾക്കകം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും നീങ്ങുകയായിരുന്നു.
കസേരകളും പ്ലേറ്റുകളും പരസ്പരം എറിഞ്ഞ് അടി പാരമ്യത്തിലെത്തിയതോടെ സൽക്കാരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മറ്റ് അതിഥികൾ ഓഡിറ്റോറിയത്തിന് പുറത്തേക്ക് ചിതറിയോടി.
ഇതിനിടെ കൂട്ടയടികണ്ട് പരിഭ്രാന്തിയിലായ വധു കുഴഞ്ഞുവീണു. ഇവരെ ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വധുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.