

കോഴിക്കോട്-വയനാട് തുരങ്കപാത
കൽപ്പറ്റ: വയനാട്ടിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ വിശദീകരണവുമായി പദ്ധതിയുടെ സമ്പൂർണ കരാർ ഏറ്റെടുത്ത കൊങ്കൺ റെയ്ൽവേ. തുരങ്കത്തിന്‍റെ നിർമാണ സ്ഥലത്തു നിന്ന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് കൊങ്കൺ റെയ്ൽവേ പറയുന്നു. വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിലാണ് കൊങ്കൺ റെയ്ൽവേ ഇക്കാര്യം വ്യക്തമാക്കിയത്.
മഴക്കാലം ആരംഭിച്ചതിനെ ജൂൺ പകുതി മുതൽ നിർമാണ പ്രവർത്തനം നിർത്തിവച്ചിരിക്കുകയായിരുന്നു. തുരങ്കത്തിന്‍റെ പണികൾ നടക്കുന്നുണ്ടായിരുന്നില്ല. തുരന്നെടുത്ത മണ്ണ് കൂട്ടിയിട്ട സ്ഥലം നിരീക്ഷിക്കാനുള്ള സാങ്കേതിക ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവിധ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചാണ് തുരങ്കത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും കൊങ്കൺ റെയ്ൽവേ പ്രസ്താവനയിൽ അവകാശപ്പെട്ടു.
പദ്ധതി പ്രദേശത്തു നിന്ന് മണ്ണ് നീക്കം ചെയ്തിരുന്നില്ലെന്നും ഇതാണ് മണ്ണിടിച്ചിലിന്‍റെ ആഘാതം വർധിപ്പിച്ചതെന്നുമുള്ള വിമർശം ഉയർന്ന സാഹചര്യത്തിലാണ് കൊങ്കൺ റെയ്ൽവേയുടെ വിശദീകരണം. ജൂലൈ ഏഴിന് ഉണ്ടായ ദുരന്തത്തിൽ ഏഴു പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിരുന്നു.