കൂടൽമാണിക്യം ക്ഷേത്രം: പുതിയ കഴകക്കാരനും ഈഴവൻ

റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനം ഈഴവ സംവരണമായതിനാലാണ് സപ്ലിമെന്‍ററി ലിസ്റ്റിൽ നിന്നും എറണാകുളം ചേർത്തല കളവംകോടം സ്വദേശി കെ.എസ്. അനുരാഗിന് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.
koodalmanikyam temple kazhakam job obc candidates get advice memo

കൂടൽമാണിക്യം ക്ഷേത്രം: പുതിയ കഴകക്കാരനും ഈഴവൻ

Updated on

ഇരിങ്ങാലക്കുട: വിവാദങ്ങളെ തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ നിന്ന് രാജിവെച്ച ഈഴവ സമുദായാംഗം ബാലുവിന് പകരം ക്ഷേത്രത്തിലെത്തുന്ന അടുത്ത കഴകക്കാരനും ഈഴവ സമുദായാംഗം തന്നെ. നിയമനത്തിന്‍റെ ആദ്യ നടപടി എന്ന നിലയിൽ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് കൂടൽമാണിക്യം ദേവസ്വത്തിന് അഡ്വൈസ് മെമ്മോ അയച്ചു. ഇനി കൂടൽമാണിക്യം ദേവസ്വമാണ് നിയമന ഉത്തരവ് നൽകേണ്ടത്.

റാങ്ക് പട്ടികയിലെ ഒന്നാമൻ ആയിരുന്ന ബി.എ. ബാലു ഈഴവ സമുദായാംഗം ആയിരുന്നെങ്കിലും ജനറൽ വിഭാഗത്തിലാണ് നിയമനം ലഭിച്ചത്. റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനം ഈഴവ സംവരണമായതിനാലാണ് സപ്ലിമെന്‍ററി ലിസ്റ്റിൽ നിന്നും എറണാകുളം ചേർത്തല കളവംകോടം സ്വദേശി കെ.എസ്. അനുരാഗിന് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴിഞ്ഞ ഫെബ്രുവരി 24ന് ബാലു ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ പാരമ്പര്യ അവകാശികളെ മാറ്റി ക്ഷേത്രത്തിൽ പുതിയ നിയമനം നടത്തിയതിനെതിരെ ക്ഷേത്രത്തിലെ തന്ത്രിമാരും വാര്യർ സമാജവും രംഗത്തെത്തിയിരുന്നു.

ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങിയേക്കും എന്ന സാഹചര്യം വന്നതോടെ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ ബാലുവിനെ താൽക്കാലികമായി അറ്റൻഡർ ജോലിയിലേക്ക് മാറ്റിയിരുന്നു. പ്രശ്നങ്ങൾക്ക് പരിഹാരമാകാതെ വന്നപ്പോൾ കേവലം 10 ദിവസത്തോളം മാത്രം ജോലിയിൽ തുടർന്ന ബാലു നീണ്ട അവധിയെടുക്കുകയായിരുന്നു.

അവധി അവസാനിച്ച് തിരിച്ചെത്തിയ ബാലു താൽക്കാലിക മാറ്റം ലഭിച്ച ഓഫീസ് അറ്റൻഡർ ജോലിയിൽ തുടരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കഴകം ജോലിയിൽ തന്നെ തുടരണമെന്ന് ദേവസ്വം അധികൃതർ അറിയിച്ചതോടെ രാജി വെച്ച് മടങ്ങുകയായിരുന്നു.

നിരവധി വിവാദങ്ങൾക്കും സമരങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയ നിയമനത്തിലേക്കാണ് വീണ്ടും കമ്യൂണൽ റൊട്ടേഷൻ പ്രകാരം ഈഴവ സമുദായാംഗത്തിന് തന്നെ നിയമനം ലഭിക്കാനിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com