
കോട്ടയം മെഡിക്കൽ കോളെജ് അപകടം; മരിച്ച ബിന്ദുവിന്‍റെ മകൻ ജോലിയിൽ പ്രവേശിച്ചു
കോട്ടയം: കോട്ടയം മെഡിക്കൽ കോളെജ് അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്‍റെ മകൻ നവനീത് സർക്കാർ ജോലിയിൽ പ്രവേശിച്ചു. ദേവസ്വം ബോർഡിൽ വൈക്കം താലൂക്ക് അസിസ്റ്റന്‍റ് എൻജിനീയർ ഓഫിസിൽ ഓവർസീയറാണ് നിയമനം. മെഡിക്കൽ കോളെജിലെ ഉപയോഗശൂന്യമായ കെട്ടിടം തകർന്ന് വീണാണ് ബിന്ദു മരിച്ചത്.
ദേവസ്വം മന്ത്രി വി.എൻ. വാസവനിൽ നിന്ന് നവനീത് നിയമനക്കത്ത് കൈപ്പറ്റി. ഒപ്പമുണ്ടായിരുന്ന എല്ലാവരോടും നവനീത് നന്ദി പറഞ്ഞു. അപകടത്തിൽ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും മകളുടെ ചികിത്സയും സർക്കാർ ഉറപ്പു നൽകിയിരുന്നു.
ഇതിനായി 10.5 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. നാഷണൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിൽ ബിന്ദുവിന്‍റെ വീട് നവീകരിച്ച് കൈമാറിയിരുന്നു.