കോട്ടയത്ത് കാർ 6 വാഹനങ്ങളിലിടിച്ചു കയറിയത് അപകടമല്ല; ഡ്രൈവർക്കെതിരേ കേസ്

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്
kottayam mundakayam chotti car accident intentional attempt to murder case

കോട്ടയത്ത് കാർ 6 വാഹനങ്ങളിലിടിച്ചു കയറിയത് അപകടമല്ല; ഡ്രൈവർക്കെതിരേ കേസ്

Updated on: 

കാഞ്ഞിരപ്പള്ളി: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ 6 വാഹനങ്ങളിലിടിച്ച് ഒൻപതു പേർക്ക് പരുക്കേറ്റ അപകടം ബോധപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. അലക്ഷ്യമായി അമിതവേഗത്തിൽ കാറോടിച്ച് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് യുവാവ് പൊലീസിനോട് വെളിപ്പെടുത്തി.

കാറോടിച്ചിരുന്ന 27 കാരനായ കുട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരേ മുണ്ടക്കയം പൊലീസ് കേസെടുത്തു. മനഃപൂർവമുള്ള നരഹത്യാശ്രമത്തിനാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തത്. അപകടത്തിൽ പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഷാലോം ഓടിച്ച കാർ എതിരെ വന്ന കാറിൽ ഇടിക്കുകയും പിന്നീട് മറ്റു മൂന്നു കാറുകളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. അപകടത്തിൽ വഴിയാത്രക്കാരുൾപ്പെടെ 9 പേർക്കാണ് പരുക്കേറ്റത്. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ആദ്യം സാധാരണ വാഹനപകടമെന്നാണ് കരുതിയിരുന്നത്. എന്നാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ‌ പരിശോധിച്ചപ്പോഴാണ് ഇത് മനപ്പൂർവം സൃഷ്ടിച്ച് അപകടമാണെന്ന് പൊലീസിന് മനസിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.