

കവടിയാർ കൊട്ടാരം.
File
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവത്തിൽ കൊട്ടാരത്തിലെ താമസക്കാരിൽ നിന്നും ജീവനക്കാരിൽനിന്നും സന്ദർശകരിൽനിന്നും പൊലീസ് മൊഴിയെടുത്തു. വിദേശികളടക്കമുള്ള സന്ദർശകരുടെ വിവരവും ശേഖരിച്ചിട്ടുണ്ട്. മോഷണം നടന്ന കാലയളവിൽ കൊട്ടാരം സന്ദർശിച്ച യുട്യൂബർമാരെയും ചോദ്യം ചെയ്യും. കൊട്ടാരത്തിലെ മുറികളിൽനിന്ന് വിരലടയാളവും ശേഖരിച്ചു.
അന്വേഷണത്തിന്‍റെ ആദ്യനടപടിയെന്ന നിലയിലാണ് ബുധനാഴ്ച പൊലീസ് സംഘമെത്തി മൊഴിയെടുപ്പ് ആരംഭിച്ചത്. ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അടക്കമുള്ള രാജകുടുംബാംഗങ്ങളിൽനിന്നും വിവരം ശേഖരിച്ചു. ഗൗരി ലക്ഷ്മി ബായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത്.
വരും ദിവസങ്ങളിൽ മൊഴിയെടുക്കൽ തുടരും. പരിസരത്തെ വീടുകളിൽ നിന്നടക്കമുള്ള ക്യാമറ ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. എന്നാൽ 4 മാസങ്ങൾക്കു മുൻപ് നടന്ന കവർച്ചയായതിനാൽ പലതിലും ദൃശ്യങ്ങൾ ലഭ്യമല്ല.
ഗൗരിലക്ഷ്മി ബായി പതിവായി ഉപയോഗിക്കുന്ന ആഭരണങ്ങളും ചിത്തിര തിരുനാൾ രാജാവ് സമ്മാനമായി നൽകിയ ആഭരണങ്ങളും പുരാതന ആഭരണങ്ങളും മോഷണം പോയ കൂട്ടത്തിലുണ്ട്. ഈ ആഭരണങ്ങൾ അണിഞ്ഞുള്ള ഫോട്ടോകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നഗരത്തിലെ ജ്വല്ലറികൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ മാലകൾ വിൽപനയ്ക്ക് എത്തിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് വൈകാതെ ക്രൈംബ്രാഞ്ചിനു വിടുന്ന കാര്യവും പരിഗണനയിലാണ്.