'വിരലിലെ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോഴാണ് നാക്കിലെ കെട്ട് ശ്രദ്ധിച്ചത്, സസ്പെൻഷൻ ആത്മവീര്യം കെടുത്തും'

നാക്കിലെ കെട്ട്മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞാണ് ആ ശസ്ത്രക്രിയയ്ക്ക് മുൻഗണന നൽകിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് അവകാശപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളെജ്
കോഴിക്കോട് മെഡിക്കൽ കോളെജ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൽ ശസ്ത്രക്രിയക്കെത്തിയ 4 വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി കേസിൽ ന്യായീകരണവുമായി കോഴിക്കോട് ഗവ. മെഡിക്കൽ കോളെജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ). വിരലിൽ ശസ്ത്രക്രിയയ്ക്ക് ആയി എത്തിയ കുട്ടിയുടെ നാക്കിൽ കെട്ട് ശ്രദ്ധിച്ചതോടെയാണ് നാവിൽ ശസ്ത്രക്രിയ നടത്തിയത്. നാക്കിലെ കെട്ട്മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ തിരിച്ചറിഞ്ഞാണ് ആ ശസ്ത്രക്രിയയ്ക്ക് മുൻഗണന നൽകിയതെന്നും കെജിഎംസിടിഎ കോഴിക്കോട് യൂണിറ്റ് അവകാശപ്പെട്ടു. അന്വേഷണവിധേയമായി പ്രൊഫസറെ സസ്പെൻഡ് ചെയ്തത് അധ്യാപകരുടെ ആത്മവീര്യം തകർക്കുമെന്നും സംഘടന ആരോപിച്ചു. നാക്കിലെ. ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കൽ കോളെജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ 4 വയസുകാരിയെ കൈയിലെ ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായിരുന്നു ആശുപത്രിയിലെത്തിച്ചത്. എന്നാൽ മാതൃ-ശിശു സംരക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയത് നാവിനാണ്. ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കുട്ടിയെ കൊണ്ടുവന്നപ്പോൾ വായില്‍ പഞ്ഞി തിരുകിയിരിക്കുന്നത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം തിരക്കുന്നത്. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെ തന്നെയുണ്ടായിരുന്നു. കൈക്കാണ് ശസ്ത്രക്രിയ വേണ്ടതെന്നും മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടായിരുന്നു നഴ്സിന്‍റെ പ്രതികരണമെന്നും വളരെ നിസ്സാരമായാണ് ആശുപത്രി അധികൃതർ സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.

കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നുവെന്നായിരുന്നു മെഡിക്കൽ കോളെജ് സൂപ്രണ്ടിന്‍റെ വിശദീകരണം. എന്നാൽ കുട്ടിക്ക് നാവിന് പ്രശ്നം ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തി. കുട്ടിയുടെ ബന്ധുക്കളോടു നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ മാപ്പു പറഞ്ഞു. നാവിൽ നടത്തിയ ശസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രി അധികൃതർ ഏറ്റെടുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് ഡോക്‌ടർക്കെതിരെ സസ്പെൻഷൻ നടപടിയുണ്ടായത്. വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

Trending

No stories found.

Latest News

No stories found.