

അർജന്‍റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിലിരുന്ന് പൊട്ടി; കോഴിക്കോട് സ്വദേശിയുടെ കൈവിരലുകൾ അറ്റു
representativeimage
കോഴിക്കോട്: ഫുട്ബോൾ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്‍റീന വിജയിച്ചതിനു പിന്നാലെ പടക്കം പൊട്ടിച്ച് ആഘോഷിച്ച യുവാവിന്‍റെ കൈവിരലുകൾ അറ്റു. കോഴിക്കോട് ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദി (22) ക്കാണ് പരുക്കേറ്റത്. സുഹൃത്തുക്കൾക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം.
സഹദിന്‍റെ ഇടതുകൈയിലെ 2 വിരലുകളാണ് അറ്റത്. ചെറുവിരലും മോതിര വിരലും പൂർണമായും നടവിരൽ പകുതിയും അറ്റു. സഹദിന്‍റെ രണ്ട് കൈകളിലും പടക്കമുണ്ടായിരുന്നു.
വലതുകൈയിലെ പടക്കം കത്തിച്ച് എറിയുന്നതിനിടെ ഇടത് കൈയിലെ പടക്കത്തിൽ തീപിടിച്ച് പൊട്ടുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.