"വിവാദ പോസ്റ്റ് ബൽറാമിന്‍റേതല്ല, രാജി വച്ചിട്ടുമില്ല"; തേജോവധം ചെയ്യാൻ അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ

വിവാ‌ദ പോസ്റ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ ബൽറാം ഉൾപ്പെടെയുള്ളവർ അനൗചിത്വം ചൂണ്ടിക്കാണിച്ചിരുന്നുവെന്നുമാണ് സണ്ണി ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.
KPCC president facebook post over v t balram resign

കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

Updated on

തിരുവനന്തപുരം: ബിഹാർ-ബീഡി വിവാദ പോസ്റ്റിനു പിന്നാലെ വി.ടി. ബൽറാം കോൺഗ്രസ് കേരളാ ഘടകം സോഷ്യൽമീഡിയ സെൽ ചുമതല ഒഴിഞ്ഞുവെന്നത് ശരിയല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ദീർഘമായ വിശദീകരണ പോസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ജിഎസ്ടി പരിഷ്കരണത്തിനു പിന്നാലെ കോൺഗ്രസ് കേരളാ ഘടകം എക്സിൽ പങ്കു വച്ച പോസ്റ്റ് ബിഹാറിനെ അപമാനിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. തൊട്ടു പിന്നാലെ വി.ടി. ബൽറാം സമൂഹമാധ്യമ സെൽ ചുമതല ഒഴിഞ്ഞതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ എക്സിൽ പോസ്റ്റുകൾ തയാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളാണെന്നും വിവാ‌ദ പോസ്റ്റ് ശ്രദ്ധയിൽ പെട്ടപ്പോൾ ബൽറാം ഉൾപ്പെടെയുള്ളവർ അനൗചിത്വം ചൂണ്ടിക്കാണിച്ചിരുന്നുവെന്നുമാണ് സണ്ണി ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്.

പോസ്റ്റിന്‍റെ പശ്ചാത്തലത്തിൽ ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്‍റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായാനുസരണം വരുന്ന പഞ്ചായത്ത്‌, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിൽ ഉണ്ട് എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-

കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്‍റെ (DMC) ഭാഗമായി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത് പാർട്ടി അനുഭാവികളായ ഒരു കൂട്ടം പ്രൊഫഷനലൂകളാണ്.

കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരണങ്ങൾ തയ്യാറാക്കുക എന്നതാണ് അവർക്ക് നൽകിയ ചുമതല. ദേശീയ വിഷയങ്ങളിൽ പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ എ ഐ സി സി യുടെ നിലപാടുകൾക്കും നിർദേശങ്ങൾക്കുമനുസരിച്ചാണ് അവർ പ്രവർത്തിക്കേണ്ടത്.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി ബീഹാറുമായി ബന്ധപ്പെട്ട ഒരു വിവാദ എക്സ് പോസ്റ്റ്‌ ശ്രദ്ധയിൽപ്പെട്ട ഉടൻ ഡിഎംസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്‍റ് വി ടി ബൽറാമും പാർട്ടി നേതൃത്വവും എക്സ് പ്ലാറ്റഫോം നിയന്ത്രിക്കുന്ന ടീമിനോട് അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കുകയും ആ പോസ്റ്റ്‌ പാർട്ടി നിലപാടിന് വിരുദ്ധമായതിനാൽ ഉടൻ തന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും അവർ അതനുസരിച്ച് പോസ്റ്റ്‌ നീക്കം ചെയ്യുകയുമാണ് ഉണ്ടായിട്ടുള്ളത്.

എന്നാൽ ഇതിനെ ചില മാധ്യമങ്ങൾ വി ടി ബൽറാമാണ്‌ ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തതെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്യുന്നത് ദൗർഭാഗ്യകരമാണ്. വി ടി ബൽറാമിനെ പോലൊരാളെ വിവാദത്തിലാക്കാനും തേജോവധം ചെയ്യാനുമുള്ള ഒരവസരമാക്കി മന്ത്രിമാരടക്കമുള്ള സിപിഎം നേതാക്കളും ചില മാധ്യമങ്ങളും ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്യുകയാണ്.

വിവാദമായ എക്സ് പോസ്റ്റിന്‍റെ പശ്ചാത്തലത്തിൽ വി ടി ബൽറാം രാജിവെക്കുകയോ പാർട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്‍റായ ബൽറാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയർമാൻ പദവിയിൽ അദ്ദേഹം ഇപ്പോഴും തുടരുകയാണ്. എന്നാൽ അദ്ദേഹത്തിന്‍റെ കൂടി അഭിപ്രായാനുസരണം വരുന്ന പഞ്ചായത്ത്‌, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികൾ പാർട്ടിയുടെ അജണ്ടയിൽ ഉണ്ട്.

ബീഹാറിൽ ജനാധിപത്യ അട്ടിമറിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വലിയ പോരാട്ടത്തിന് ഒരു വാക്കുകൊണ്ട് പോലും പിന്തുണയറിയിക്കാത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ബിജെപി സൃഷ്ടിക്കുന്ന വിവാദങ്ങളുടെ പ്രചാരകരാവുന്നത് അപഹാസ്യമാണ്.

കോൺഗ്രസിലെ ജനപിന്തുണയുള്ള നേതാക്കളെ നിരന്തരം വിവാദങ്ങളിൽപ്പെടുത്തി ആക്രമിക്കാനുള്ള സിപിഎമിന്‍റെയും വാടക മാധ്യമങ്ങളുടെയും കുത്സിത നീക്കങ്ങൾ തികഞ്ഞ അവജ്ഞയോടെ കെപിസിസി തള്ളിക്കളയുന്നു...

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com