

വി.ഡി. സതീശന്‍ | വി.ആർ. അനൂപ്
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി വി.ആർ. അനൂപ്. മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടിയിട്ട് ഇതുവരെ കാണാനായില്ലെന്നും ഹിന്ദു ഐക്യവേദിക്കാർക്ക് നൽകുന്ന പരിഗണനയെങ്കിലും സ്വന്തം പാർട്ടിക്കാർക്ക് നൽകണമെന്നുമാണ് അനൂപ് ആവശ്യപ്പെടുന്നത്.
ഇത് യൂത്ത് കോൺഗ്രസിന്‍റേയും കെഎസ്‌യുവിന്‍റെയും കൂടി സർക്കാരാണെന്നും അവരുടെ അവകാശങ്ങളും അവർ അർഹിക്കുന്നതുമായ കാര്യങ്ങൾ അവർക്ക് നൽകണമെന്നും കുറിപ്പിൽ പറയുന്നു. ഫെയ്സ് ബുക്കിലൂടെയായിരുന്നു അനൂപിന്‍റെ പ്രതികരണം.
ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
പിഎം നിയാസ് എന്ന KPCCയുടെ ജനറൽ സെക്രട്ടറി , ഇലക്ഷൻ കമ്മീഷണർ ആയി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിന്‍റെ ബോധ്യം അവതരിപ്പിക്കാൻ , കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയോട് പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇത് വരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും, ആർ.വി. ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണ്ണമായ സമീപനമെങ്കിലും, KPCCയുടെ ജനറൽ സെക്രട്രിയോടും, KSUവിന്‍റെ സംസ്ഥാന പ്രസിഡണ്ടിനോടും കാണിക്കേണ്ടതായിരുന്നു എന്ന് ആണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്. അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ. ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ.