

നവകേരള ബസ്.
പ്രതീകാത്മക ചിത്രം.
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ടാറ്റ ബസുകൾ വാങ്ങിയതിൽ കോടികളുടെ ക്രമക്കേടെന്ന് വിവരം. ഒരേ മോഡൽ ബസുകൾ തന്നെ പല വിലയ്ക്ക് വാങ്ങിയതെന്നാണ് പർച്ചേസ് രേഖകളിലെ സൂചന. എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് വാങ്ങിയ ടാറ്റയുടെ 181 ബസുകളുടെ പർച്ചേസ് രേഖകളിലാണ് കണക്കുകളിൽ പൊരുത്തക്കേടുകൾ.
2025 നവംബർ 21ന് ഒരു ബസിന് 29,82,015 രൂപ നിരക്കിൽ 8 ബസുകൾ വാങ്ങി. അന്നുതന്നെ ഇതേ മോഡലിലെ 5 ബസുകൾ 27,74,593 രൂപയ്ക്കും വാങ്ങി. ആ ദിവസം മാത്രം 16 ലക്ഷം രൂപയുടെ വ്യത്യാസമാണുണ്ടായത്. കൂടാതെ, പല ദിവസങ്ങളിലായി സമാനമായ രീതിയിൽ ബസുകൾ വിവിധ വിലകളിൽ വാങ്ങിയതായും വിവരമുണ്ട്. മൊത്തം 181 ബസുകൾ വാങ്ങിയ കണക്ക് പരിശോധിച്ചാൽ ഏകദേശം 4 കോടി രൂപയ്ക്കും മുകളിലാണ് ക്രമക്കേട് നടന്നിരിക്കുന്നതെന്നാണ് വിവരം.
ഇതു സംബന്ധിച്ച് പല സമയങ്ങളിലായി പരാതികൾ ഉയർന്നിരുന്നെങ്കിലും യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നാണ് പരാതി. കൂടാതെ ടാറ്റയുടെ ഒരു മോഡലിലുള്ള ബസുകൾക്കു സ്ഥിരം തകരാറാണെന്നും മോശം ബസുകൾ കോർപ്പറേഷൻ കൂടിയ വിലയ്ക്ക് വാങ്ങിയിയെന്നും ആക്ഷേപം ഉയരുന്നു.
ബസുകൾ ടാറ്റയുടെ സർവീസ് സെന്‍ററിൽ പല തവണ അറ്റകുറ്റപ്പണി നടത്തിയിട്ടും വീണ്ടും തകരാറിലാണെന്നു പറയുന്നു.
അതേസമയം, അന്നത്തെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഈ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരിശോധിക്കാമെന്നുമാണ് നിലവിലെ ഗതാഗത മന്ത്രി സി.പി. ജോണിന്‍റെ പ്രതികരണം.