മുൻ സർക്കാരിനെ ചോദ്യം ചെയ്തവരാണ്, അതിൽ നിന്ന് ഒരടി പിന്നോട്ടില്ല; പിഎം ശ്രീയിൽ യുഡിഎഫ് സർക്കാരിനെതിരേ കെഎസ്‌യു

"കേരളത്തിന്‍റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്"
ksu raise criticism against udf govt on pm shri

മുൻ LDF സർക്കാർ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ കാസർഗോഡ് സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ ചിത്രം

ജവാദ് പൂത്തൂർ ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം

Updated on

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ പിഎം ശ്രീയിൽ യുഡിഎഫ് സർ‌ക്കാരിനെതിരേ വിമർശനവുമായി കെഎസ്‌യു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അഡ്വ. ജവാദ് പൂത്തൂരാണ് ഫെയ്സ് ബുക്കിലൂടെ വിമർശനം നടത്തിയത്. പിഎംശ്രീയിൽ അടിയന്തരമായി സർ‌ക്കാർ രാഷ്ട്രീയ നിലപാട് കൈക്കൊള്ളണമെന്നാണ് ആവശ്യം.

വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്‍റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യുഡിഎഫ് സർക്കാരിനാണെന്നും എൽഡിഎഫ് സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെഎസ്‌യു എന്നും ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ലെന്നും അദ്ദേഹം കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പി.എം. ശ്രീ വിഷയത്തിൽ യു.ഡി.എഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണം.

കേരളത്തിന്‍റെ വിദ്യാഭ്യാസ സ്വയംഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.

മുൻ എൽ.ഡി.എഫ് സർക്കാർ മന്ത്രിസഭയെയും ജനങ്ങളെയും ഇരുട്ടിലാക്കി കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്‍റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെ.എസ്.യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ല.

വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്‍റെ അവകാശങ്ങളും സ്വയംഭരണവും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ന് യു.ഡി.എഫ് സർക്കാരിനാണ്. ഫെഡറൽ സംവിധാനങ്ങളെയും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെയും കാറ്റിൽ പറത്തുന്ന കേന്ദ്ര സർക്കാരിന്‍റെ ഏകപക്ഷീയ സമീപനത്തിനെതിരെ കേരളത്തിന്‍റെ ശബ്ദം ശക്തമായി ഉയരേണ്ടതുണ്ട്.

കേരളത്തിന്‍റെ വിദ്യാഭ്യാസ താൽപര്യങ്ങളും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. വിദ്യാർത്ഥി സമൂഹത്തിന്‍റെ ആശങ്കകൾ അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

വിദ്യാഭ്യാസ സ്വയംഭരണവും ഫെഡറൽ മൂല്യങ്ങളും സംരക്ഷിക്കുന്ന മുൻ കാലങ്ങളിൽ KSU വും കോൺഗ്രസും എടുത്ത ശക്തമായ രാഷ്ട്രീയ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

(ചിത്രം: മുൻ LDF സർക്കാർ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ കാസർഗോഡ് സംഘടിപ്പിച്ച പ്രതിഷേധം.)

അഡ്വ. ജവാദ് പുത്തൂർ

KSU കാസർഗോഡ് ജില്ല പ്രസിഡണ്ട്

logo
Metro Vaartha
www.metrovaartha.com