

3.23 ലക്ഷം വനിതകൾക്ക് തൊഴിലൊരുക്കി കുടുംബശ്രീ
കോലഞ്ചേരി: തെരഞ്ഞെടുപ്പ് ഫലം വന്നതിനു പുറകെ കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകളിലെ കരാർ ജീവനക്കാരുടെ കാലാവധി പുതുക്കുന്നത് മരവിപ്പിച്ചുകൊണ്ട് എക്‌സിക്യൂട്ടിവ് ഡയറക്റ്ററുടെ ഉത്തരവ് പുറത്തിറക്കി. മേയ് 31ന് കാലാവധി അവസാനിക്കുന്ന ജീവനക്കാരുടെ ഒരു വർഷത്തെ കരാർ ഏപ്രിൽ, മേയ് മാസങ്ങളിൽ പുതുക്കുന്നതിനിടെയാണ് വെള്ളിടി പോലെ അപ്രതീക്ഷിത നടപടി.
തെരഞ്ഞെടുപ്പു ഫലം വന്നയുടൻ, മുതിർന്ന മുസ്ലിം ലീഗ് നേതാവിന്‍റെ പിഎയുടെ നിർദേശം അനുസരിച്ചാണ് ഉത്തരവ് ധൃതിയിൽ ഇറക്കിയതെന്ന് സൂചന. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വ്യക്തമായതോടെ കുടുംബശ്രീ ജീവനക്കാരുടെ കക്ഷിരാഷ്ട്രീയം തിരിച്ച് കണക്കെടുക്കാൻ മുസ്ലിം ലീഗ് നിർദേശം നൽകിയിരുന്നതായാണ് വിവരം.
കുടുംബശ്രീയിൽ സംസ്ഥാന, ജില്ലാ മിഷനുകളിൽ കോഓർഡിനേറ്റർ, അസിസ്റ്റന്‍റ് കോഓർഡിനേറ്റർമാർ ഒഴികെയുള്ളവരെല്ലാം കരാർ ജീവനക്കാരാണ്.
154 ജില്ലാ പ്രോഗ്രാം മാനെജർമാർ, 608 ബ്ലോക്ക് കോഓർഡിനേറ്റർമാർ, 1070 സിഡിഎസ് അക്കൗണ്ടന്‍റ്, 45 സിറ്റി മിഷൻ മാനേജർ, 45 സോഷ്യൽ ഡെവലപ്മെന്‍റ് സ്പെഷ്യലിസ്റ്റ്, 535 കമ്യൂണിറ്റി കൗൺസിലർ, 28 ജില്ലാ അക്കൗണ്ടന്‍റ്, 43 എസ്‌വിഇപി ജില്ലാ അക്കൗണ്ടന്‍റുമാർ, 59 സംസ്ഥാന മിഷനിൽ മാനെജർ, പിആർ ടീം 3, അട്ടപ്പാടി പദ്ധതി 9, ട്രൈബൽ സ്പെഷൽ പ്രോജക്റ്റ് 17, മറ്റുള്ളവർ എട്ട് എന്നിങ്ങനെ 2,624 കരാർ ജീവനക്കാരാണുള്ളത്.
യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നിയമിക്കപ്പെട്ടവർ ഉൾപ്പെടെ ഇതിലുണ്ട്. പത്തും പതിനഞ്ചും വർഷമായി ജോലി ചെയ്തുവരുന്നവർ കൂട്ടത്തിലുണ്ട്. കുടുംബശ്രീയുടെ പ്രധാന പ്രവർത്തനങ്ങളിൽ ഈ ജീവനക്കാർക്ക് നിർണായക പങ്കുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കരാർ ജീവനക്കാരുടെ നിയമനം നിർത്തിവച്ചിരുന്നു. പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മേയ് ആറിന് നടപടികളിലേക്ക് കടക്കാൻ ജില്ലാ മിഷനുകൾക്ക് സംസ്ഥാന മിഷൻ നിർദേശം നൽകിയിരുന്നു. മേയ് ഏഴിനാണ് പുതിയ ഉത്തരവ് വന്നത്. ജൂൺ ഒന്നിനു ശേഷമുള്ള അറിയിപ്പനുസരിച്ചു നിയമനം മതിയെന്നും, ആർക്കെങ്കിലും നിയമനം നൽകിയിട്ടുണ്ടെങ്കിൽ റദ്ദാക്കാനുമാണ് നിർദേശം.
വേതനത്തിലുപരി, അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്യുന്നവരാണ് കരാർ ജീവനക്കാർ. ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി കുടുംബശ്രീയെ തകർക്കാനാണ് നീക്കമെന്ന് സിപിഎം ജില്ലാ കമ്മിറ്റി ഔദ്യോഗികമായി തന്നെ ആരോപിച്ചു.