

ഓണത്തിന് കുടുംബശ്രീക്ക് 44.89 കോടിയുടെ വിറ്റുവരവ്
തിരുവനന്തപുരം: കുടുംബശ്രീയുടെ സംസ്ഥാനതല ഓണം വിപണിയിൽ ഇത്തവണ 44.89 കോടി രൂപയുടെ വിറ്റുവരവ്. ഓഗസ്റ്റ് 20 മുതൽ 25 വരെയാണ് കുടുംബശ്രീയുടെ ഓണചന്തകൾ നടന്നത്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 40.44 കോടി രൂപയേക്കാൾ 4.45 കോടി രൂപ കൂടുതലാണ് ഇത്തവണത്തെ വിറ്റുവരവ്.
ആകെ വിറ്റുവരവിൽ 27.01 കോടി രൂപ ഓണം വിപണന മേളകളിലൂടെയും 2.64 കോടി രൂപ ഓണസദ്യയിലൂടെയും 5.17 കോടി രൂപ അരിയും മറ്റ് അവശ്യസാധനങ്ങളും ഉൾപ്പെടുന്ന ഓണക്കിറ്റ് വിൽപ്പനയിലൂടെയും ലഭിച്ചു. പൂക്കളും പച്ചക്കറികളും വിറ്റതിലൂടെ 10.07 കോടി രൂപയും ലഭിച്ചു.
ആലപ്പുഴയിൽ സംസ്ഥാനതല ഓണം വിപണന മേളയും 12 ജില്ലാതല മേളകളും 1,952 കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് സൊസൈറ്റി (സിഡിഎസ്) തല മേളകളും സംഘടിപ്പിച്ചു. മേളകളിൽ 43,613 സൂക്ഷ്മ സംരംഭ യൂണിറ്റുകളും 27,509 കർഷക സംഘങ്ങളും പങ്കെടുത്തു.
സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഓണസദ്യ സേവനങ്ങളിലൂടെ 415 യൂണിറ്റുകൾക്ക് 2.64 കോടി രൂപ വരുമാനം ലഭിച്ചു. 929 സിഡിഎസുകൾ വഴിയാണ് ഓണക്കിറ്റ് വിൽപ്പന സംഘടിപ്പിച്ചത്. 9,169 സൂക്ഷ്മ സംരംഭ യൂണിറ്റുകൾക്ക് ഇതിലൂടെ വരുമാനം നേടാനുള്ള അവസരം ലഭിച്ചു. ആകെ 1,09,423 ഓണക്കിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം പൂക്കളുടെ വിൽപ്പനയിലൂടെ 7.30 കോടി രൂപയായിരുന്നു വരുമാനം. ഇത്തവണ 2.78 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു. ഓണം സീസണിൽ കുടുംബശ്രീയുടെ ‘പോക്കറ്റ്മാർട്ട്’ ഇ-കൊമേഴ്‌സ് ആപ്ലിക്കേഷൻ വഴിയുള്ള ഉൽപന്ന വിൽപനയും ശക്തമാക്കി.